അട​ുപ്പ്​ പുകഞ്ഞില്ലെങ്കിലും തിരുവോണത്തിന്​ പൂവിട്ട നിറവിൽ യശോദ

കക്കോടി: 71 വർഷമായി ആഘോഷദിവസങ്ങളിൽ കുളിക്കുകയോ പുതുവസ്ത്രം ധരിക്കുകയോ ചെയ്യാത്ത മാധവന് പ്രളയക്കെടുതി നഷ്ടപ്പെടുത്തിയ ഒാണാഘോഷത്തെക്കുറിച്ച് െതല്ലും വേവലാതിയില്ല. പൂനൂർ പുഴ കരകവിഞ്ഞ് വീട്ടിലെ സകലതും നഷ്ടപ്പെട്ട 93 വയസ്സുകാരനായ കണ്ണാടിക്കൽ പെരുമണ്ണിൽ മാധവൻ ഇത്തവണയും തിരുവോണനാളിൽ കുളിക്കുകയോ പുതുവസ്ത്രം ധരിക്കുകയോ ചെയ്തില്ല. 32ാം വയസ്സിൽ സഹോദരൻ ലോറിക്കടിയിൽപെട്ട് മരിച്ചതുമുതലാണ് മാധവൻ ആഘോഷങ്ങളെ വരവേൽക്കാതെ സ്വയം പിൻവലിഞ്ഞുതുടങ്ങിയത്. എന്നാൽ, 83 വയസ്സുള്ള ഭാര്യ യശോദക്ക് ചെറുപ്പംമുതലേ പൂപറിക്കാനും പൂവിടാനും പ്രിയമായിരുന്നതിനാൽ ഇത്തവണ നാലു ദിവസത്തെ പൂക്കളം മുടങ്ങേണ്ടിവന്നതി​െൻറ വിഷമത്തിലാണ്. അത്തത്തിന് വീട്ടുമുറ്റത്ത് പൂത്തറയൊരുക്കി പൂവിട്ടിരുന്നു. രണ്ടാം ദിവസം പുഴവെള്ളം കയറി വീടി​െൻറ പാതിയോളം മുങ്ങിയതിനാൽ വീടുവിട്ട് മാധവനും രണ്ടു പെൺമക്കൾക്കും ഒപ്പം ബന്ധുവീട്ടിലേക്ക് കുടിയേറി. നാലു ദിവസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ പൂത്തറ മുക്കാൽ ഭാഗവും പുഴയെടുത്തിരുന്നു. സകലതും ഒലിച്ചുപോയെങ്കിലും പൂത്തറയിൽ പൂക്കുട ചൂടിയ ഇൗർക്കിൽ മാത്രം ബാക്കിനിന്നത് യശോദയെ അതിശയപ്പെടുത്തി. വളർത്തുമൃഗങ്ങൾ ഉൾപ്പെടെ വിലപ്പെട്ട പലതും നഷ്ടപ്പെട്ടിരുന്നു. തിരുവോണമുൾപ്പെടെ തുടർന്നുള്ള ദിവസങ്ങളിൽ മുടങ്ങാതെ യശോദ പൂവിട്ടു. അടുത്ത ബന്ധുക്കളുടെ വേർപാടിൽ രണ്ടുമൂന്ന് തവണ പൂവിടൽ മുടങ്ങിയതല്ലാതെ ഒാർമവെച്ചതു മുതൽ ഇക്കാര്യത്തിൽ മുടക്കംവന്നില്ല. ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തിനാണ് സാക്ഷിയായതെന്ന് യശോദ പറയുന്നു. പ്രളയക്കെടുതിയിൽ സുമനസ്സുകൾ ഭക്ഷണവും കുടിവെള്ളവും യഥേഷ്ടം നൽകിയെങ്കിലും തിരുവോണ നാളിൽ കുടിവെള്ളമെത്താതിരുന്നതിനാൽ മറ്റു കുടുംബാംഗങ്ങളെപ്പോലെ ഇവരും അൽപം പ്രയാസപ്പെട്ടു. ഭക്ഷണം ബന്ധുവീട്ടിൽ നിന്നെത്തിച്ചതിനാൽ ഒാർമയിൽ അടുപ്പ് പുകയാത്ത ഒരു തിരുവോണമായിരുന്നു യശോദക്കും കുടുംബത്തിനും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.