വെള്ളപ്പൊക്കം: ദുരിതമൊഴിയാതെ ഗ്രാമങ്ങൾ

ആയഞ്ചേരി: മഴക്ക് ശമനമുണ്ടായെങ്കിലും വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ ദുരിതം അവസാനിക്കുന്നില്ല. ആയഞ്ചേരി, തിരുവള്ളൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ വെള്ളപ്പൊക്കത്തി​െൻറ പിടിയിലാണ്. വെള്ളിയാഴ്ച വെള്ളം ഇറങ്ങിത്തുടങ്ങിയത് ആശ്വാസമായിട്ടുണ്ട്. റോഡും പാലങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ആയഞ്ചേരി–തറോപ്പൊയിൽ റോഡ്, ചീക്കിലോട് സ്കൂൾ റോഡ്, വാളാഞ്ഞി റോഡ്, തെക്കെത്തറമ്മൽ കോളനി റോഡ്, അരതുരുത്തി റോഡ് എന്നിവ വെള്ളം പൊങ്ങിയതിനാൽ ഗതാഗതയോഗ്യമല്ല. ഇതുവഴിയുള്ള ഗതാഗതം നിലച്ചു. അരതുരുത്തിയിലും വാളാഞ്ഞിയിലും പഞ്ചായത്ത് തോണി ഏർപ്പെടുത്തി. ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളിലും ചീക്കിലോട് യു.പി സ്കൂളിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. തിരുവള്ളൂർ പഞ്ചായത്തിൽ തുരുത്തി, വെള്ളൂക്കര പ്രദേശം പൂർണമായും ഒറ്റപ്പെട്ടു. ചാനിയംകടവിലെ കെ.വി. കല്യാണിയുടെ വീടിന് ചുറ്റും വെള്ളം കയറി. ഇവിടെനിന്ന് നൂറിലധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ചാനിയംകടവ് സൗമ്യത മെമ്മോറിയൽ സ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നത്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ പാറക്കൽ അബ്ദുല്ല എം.എൽ.എ, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദ, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ എന്നിവർ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.