ചാലിയാറും കൈവഴികളും കരകവിഞ്ഞു കടലുണ്ടിയിൽ അഞ്ചിടത്ത് ദുരിതാശ്വാസ ക്യാമ്പുകൾ

കടലുണ്ടി: ചാലിയാർ, കടലുണ്ടിപ്പുഴകൾ കരകവിഞ്ഞതോടെ കടലുണ്ടിയിൽ ഏറെ കുടുംബങ്ങൾ ദുരിതത്തിലായി. വടക്കുമ്പാട്, മുരുകല്ലിങ്ങൽ, പൊറാഞ്ചേരിപ്പാടം, വടക്കോടിത്തറ, ചീപ്പുത്തിപ്പാടം, കോട്ടക്കടവ്, കാക്കാതിരുത്തി, പെരുവൻമാട് പ്രദേശങ്ങളിലാണ് പുഴ ഒഴുകിയെത്തിയും മഴവെള്ളം കെട്ടിക്കിടന്നും വീടുകളിലേക്ക് വെള്ളം കയറിയത്. ചൊവ്വാഴ്ച അർധരാത്രിയോടെ കയറാൻ തുടങ്ങിയ വെള്ളം ഇതുവരെ താഴ്ന്നിട്ടില്ല. വ്യാഴാഴ്ച പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും പുഴകളിൽ കുത്തിയൊഴുക്ക് തുടരുകയാണ്. ചാലിയാറിലെ തുരുത്തുകളായ കാക്കാതിരുത്തിയും പെരുവൻമാടും പൂർണമായും വെള്ളത്തിലായി. ഇവിടത്തെ കുടുംബങ്ങളെ കരുവൻതിരുത്തി, ചാലിയം ക്യാമ്പുകളിലേക്ക് മാറ്റി. വടക്കുമ്പാട് പുഴ 50 മീറ്ററോളം കരയിലേക്ക് കയറി. ഉൾഭാഗങ്ങളിൽനിന്ന് പുഴയിലേക്കുള്ള തോടുകൾ വഴി വെള്ളം തിരിച്ചുകയറുന്നതിനാൽ ചാലിയപ്പാടം, കുന്നത്ത് പടി, മണ്ണൂർ റെയിൽ, കോട്ടക്കടവ് ഭാഗങ്ങളിലെല്ലാം വെള്ളം നിറഞ്ഞിരിക്കയാണ്. അരക്ക് മുകളിൽ നിൽക്കുന്ന വെള്ളം വീടുകളിലേക്ക് കയറിത്തുടങ്ങിയതോടെ ബുധനാഴ്ച രാവിലെ മുതൽ കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു തുടങ്ങി. മുരുകല്ലിങ്ങൽ ശ്രീദേവി, വട്ടപ്പറമ്പ് ഗവ.എൽ.പി, ചാലിയം മദ്രസത്തുൽ മനാർ, മണ്ണൂർ കൃഷ്ണ എ.യു.പി, മണ്ണൂർ സി.എം.എച്ച് എന്നീ സ്കൂളുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങിയത്. 400ലേറെ പേർ ക്യാമ്പുകളിലുണ്ട്. റവന്യൂ-ആരോഗ്യ വകുപ്പുകൾ, ഗ്രാമ പഞ്ചായത്ത്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകൾ എന്നിവർ ക്യാമ്പുകൾക്ക് സഹായവുമായി രംഗത്തുണ്ട്. ഇതുവരെ കടൽക്ഷോഭം ശക്തിപ്രാപിച്ചിട്ടില്ലാത്തതിനാൽ കടൽതീരത്തുള്ളവരെ മാറ്റേണ്ടിവന്നിട്ടില്ല. എന്നാലും കൈതവളപ്പ്, അഞ്ചുടിക്കൽ, കടുക്ക ബസാർ, ബൈത്താനി നഗർ, കപ്പലങ്ങാടി, വാക്കടവ് ഭാഗങ്ങൾ മഴവെള്ളം ഒഴുകിപ്പോകാതെയും തിരയടി കാരണവും പ്രയാസത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.