മഴക്കെടുതി: പ്രധാന റോഡുകൾ പുനർനിർമിക്കും

കൽപറ്റ: ജില്ലയിൽ മഴക്കെടുതിയിൽ തകർന്ന പ്രധാന റോഡുകൾ പുനർനിർമിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. വൈത്തിരി പൊലീസ് സ്റ്റേഷൻ എത്രയും വേഗം പൂർവസ്ഥിതിയിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൽപറ്റ മുണ്ടേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വസ ക്യാമ്പ് സന്ദർശിച്ചശേഷം കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായം നേരിട്ടുനൽകുന്നതിന് പകരം ജില്ല കലക്ടർ മുഖേന നൽകണം. മെഡിക്കൽ സംഘത്തി​െൻറ അതിശ്രദ്ധ വേണം. പ്രളയബാധിത പ്രദേശങ്ങൾ, കോളനികൾ എന്നിവിടങ്ങളിൽ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണം. ശുചീകരണ പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടനകളുടെയും മറ്റും സേവനം ഉറപ്പാക്കും. യോഗത്തിൽ ജനപ്രതിനിധികൾ കാലവർഷക്കെടുതി മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.ഐ. ഷാനവാസ് എം.പി, എം.എൽ.എമാരായ സി.കെ. ശശീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ, ഒ.ആർ. കേളു, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി. നസീമ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, കൽപറ്റ നഗരസഭ ചെയർപേഴ്സൻ സനിത ജഗദീഷ്, ജില്ല കലക്ടർ എ.ആർ. അജയകുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ്് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.