സീബ്രാലൈനിലും രക്ഷയില്ല; റോഡ് കുറുകെ കടക്കുന്നത് നെഞ്ചിടിപ്പോടെ

കോഴിക്കോട്: കാൽനടക്കാർക്ക് സുരക്ഷിതമായി റോഡ് കുറുകെ കടക്കാൻ ഒരുക്കിയ സീബ്രാലൈനുകൾ വകവെക്കാതെ വാഹനങ്ങളുടെ ചീറിപ്പായൽ. ഇതോടെ, പ്രായമായവരും വിദ്യാർഥികളുമടക്കം നിരവധി യാത്രക്കാർ സീബ്രാലൈനിലും റോഡ് മുറിച്ചുകടക്കാൻ ഏറെനേരം കാത്തുനിൽക്കേണ്ടിവരുന്ന അവസ്ഥയാണ്. സീബ്രാലൈനിൽ ഒരാൾ കാലെടുത്തുവെച്ചാൽ അയാൾ റോഡ് കുറുകെ കടക്കുംവരെ വാഹനങ്ങൾ നിർത്തിക്കൊടുക്കണമെന്നാണ് ചട്ടം. എന്നാൽ, ഈ നിയമം പാലിക്കുന്നത് വാഹനമോടിക്കുന്നവരിൽ ചുരുക്കം ചിലർ മാത്രം. ഭൂരിഭാഗം ഡ്രൈവർമാരും ഇതൊന്നും കണ്ടഭാവം നടിക്കാറില്ല. ഇതുമൂലം തിരക്കുള്ള കവലകളിൽ അമിതവേഗത്തിൽ വരുന്ന സ്വകാര്യബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ യാത്രക്കാരെ ഇടിക്കുന്നതും പതിവാണ്. സ്ത്രീകളാണ് കൂടുതലും ദുരിതത്തിലാകുന്നത്. പുതിയ സ്റ്റാൻഡ് പരിസരത്ത് ഇതിനെച്ചൊല്ലി വാക്തർക്കവും പതിവാണ്. വയനാട് റോഡിലും കണ്ണൂർ റോഡിലും ഒട്ടേറെ സ്ഥലത്ത് സീബ്രാലൈനുകളുണ്ടെങ്കിലും വാഹനമോടിക്കുന്നവർ ഒരു പരിഗണനയും നൽകാറില്ല. കണ്ണൂർ റോഡിൽ നടക്കാവ് സ്കൂളിനു സമീപത്തെ സീബ്രാലൈനിൽ വിദ്യാർഥികളടക്കമുള്ളവർ ഏറെ കാത്തുനിന്നാണ് റോഡ് കുറുകെ കടക്കുന്നത്. ഇവിടെ രാവിലെയും വൈകീട്ടും പൊലീസുണ്ടാകാറുണ്ട്. അല്ലാത്ത സമയത്ത് റോഡ് മുറിച്ചുകടക്കൽ പ്രയാസമാണ്. വാഹനങ്ങൾ നിർത്തുന്നതുപോയിട്ട് വേഗം കുറക്കുക പോലുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.