ജില്ലയിലെങ്ങും കനത്ത മഴ; നഗരത്തിൽ മാത്രമില്ല

കോഴിക്കോട്: മലയോരമേഖലയിലുൾെപ്പടെ കാലവർഷം കനത്തുപെയ്യുമ്പോൾ നഗരത്തിൽ മാത്രം മഴ മാറിനിൽക്കുന്നു. താമരശ്ശേരി, കുറ്റ്യാടി, പേരാമ്പ്ര, മുക്കം, മാവൂർ, വടകര, കൊയിലാണ്ടി തുടങ്ങി ജില്ലയുടെ പ്രധാന പ്രദേശങ്ങളിലെല്ലാം മഴ തകർത്തുപെയ്യുകയാണ്. താമരശ്ശേരി ചുരത്തിലും കുറ്റ്യാടി ചുരത്തിൽ പക്രംതളം ചൂരണിക്കടുത്തും ബുധനാഴ്ച രാത്രി ഉരുൾപൊട്ടലും മലവെള്ള പാച്ചിലുമുണ്ടായി. എന്നാൽ, കോഴിക്കോട് നഗരത്തിൽ സാധാരണ പെയ്യുന്ന മഴപോലും ഉണ്ടായില്ലെന്നതാണ് യാഥാർഥ്യം. വ്യാഴാഴ്ച താമരശ്ശേരിയിൽ 40 മില്ലി ലിറ്ററും വടകരയിൽ 20 മില്ലി ലിറ്ററും മഴ ലഭിച്ചപ്പോൾ നഗരത്തിൽ പെയ്തത് വെറും ആറ് മി.ലിറ്ററാണ്. താരതമ്യേന കടൽക്ഷോഭവും കഴിഞ്ഞ ദിവസങ്ങളിലുണ്ടായില്ല. നിലമ്പൂരിൽ നിന്നുത്ഭവിക്കുന്ന ചാലിയാർ പുഴ കരകവിഞ്ഞൊഴുകിയത് ഫറോക്ക് ഭാഗത്ത് വെള്ളം കയറാനിടയാക്കിയിട്ടുണ്ട്. കക്കയം ഡാം തുറന്നതോടെ നഗരത്തിനടുത്ത് പൂനൂർ പുഴയിലും ജലനിരപ്പ് ഉയരുമെന്ന ആശങ്കയിലാണ് ജനങ്ങൾ. 'കൺഫ്യൂഷനാക്കി' അവധിപ്രഖ്യാപനം കോഴിക്കോട്: കാലവർഷക്കെടുതിെയ തുടർന്ന് വ്യാഴാഴ്ച ജില്ലയിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചതും പിന്നീട് പിൻവലിച്ചതും ആശയക്കുഴപ്പത്തിനിടയാക്കി. കനത്ത മഴയും ഉരുൾപൊട്ടലുമുണ്ടായതിനാൽ ബുധനാഴ്ച രാത്രി രണ്ടരയോടെയാണ് അപകട സാധ്യത കണക്കിലെടുത്ത് ജില്ല കലക്ടർ യു.വി. ജോസ് ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് പേജിലൂടെയാണ് കലക്ടർ അവധി അറിയിപ്പ് ഇട്ടത്. പി.ആർ.ഡി മുഖേന മാധ്യമപ്രവർത്തകർക്കും വിവരം ലഭിച്ചു. വ്യാഴാഴ്ച ഒരു പത്രത്തിൽ ജില്ലയിൽ എല്ലാ സ്കൂളുകൾക്കും അവധിയെന്ന അറിയിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. ചില ചാനലുകളിലും രാവിലെ ഏറെ നേരം ജില്ലയിലെ സ്കൂളുകൾക്ക് അവധിയെന്ന ഫ്ലാഷ് ന്യൂസ് ഉണ്ടായിരുന്നു. എന്നാൽ രാവിലെ താമരശ്ശേരി താലൂക്ക്, നാദാപുരം, കുന്നുമ്മൽ, പേരാമ്പ്ര, ബാലുശ്ശേരി, മുക്കം വിദ്യാഭ്യാസ ഉപജില്ലകൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമായി ജില്ല കലക്ടർ ചുരുക്കി. വാർത്ത വന്നതും പിന്നീട് തിരുത്തിയതുമാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. നഗരപ്രദേശങ്ങളിലുൾെപ്പടെ പല സ്കൂളുകളിലും കുട്ടികൾ പോവണോ വേണ്ടയോ എന്നറിയാതെ ആശങ്കയിലായി. ഇതിനിടയിൽ അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രധാനാധ്യാപകർക്ക് അവധി നൽകാമെന്ന ജില്ല വിദ്യാഭ്യാസ ഓഫിസറുടെ അറിയിപ്പുമെത്തി. പത്രഓഫിസുകളിലേക്കും അധ്യാപകരുടെ ഫോണുകളിലേക്കും അവധി സംബന്ധിച്ച് നിർത്താതെ ഫോൺവിളിയായിരുന്നു. ചില സ്കൂളുകളിൽ വാഹന ഡ്രൈവർമാർ വരെ അവധിയാണെന്ന് പ്രഖ്യാപിച്ചു. സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കുറവായിരുന്നു. പിന്നീട് വൈകീട്ട് ജില്ല കലക്ടർ തന്നെ നേരത്തേയുള്ള രണ്ടു പോസ്റ്റുകളും പിൻവലിച്ച് വിശദീകരണ കുറിപ്പുമായി എത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.