ഉൾക്കടലിൽ മീൻപിടിത്തം തുടങ്ങി; ജാഗ്രത നിർദേശം അവഗണിച്ചാണ് ചൊവ്വാഴ്ച രാത്രി വൈകി ബോട്ടുകൾ പുറപ്പെട്ടത്

ബേപ്പൂർ: ട്രോളിങ് നിരോധനം അവസാനിക്കുന്ന ചൊവ്വാഴ്ച രാത്രി 12ന് ബേപ്പൂർ ഫിഷിങ് ഹാർബറിൽ അനിശ്ചിതാവസ്ഥ. 300ഓളം ബോട്ടുകൾ ആഴക്കടൽ മീൻപിടിത്തത്തിനുള്ള എല്ലാവിധ തയാറെടുപ്പുകളും നടത്തി പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു. പൊടുന്നനെയാണ് രാത്രി 11ന് ജാഗ്രത നിർദേശം വരുന്നത്. കടലിൽ ശക്തിയേറിയ തിരമാലകളും കാറ്റും അടിക്കാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ ആരുംതന്നെ കടലിൽ പോകരുതെന്നുമായിരുന്നു ജില്ല കലക്ടറുടെ അറിയിപ്പ് പ്രകാരമുള്ള നിർദേശം. ട്രോളിങ് നിരോധനം അവസാനിക്കുന്നതിന് ഒരു മണിക്കൂർ മുമ്പുള്ള അനൗൺസ്മ​െൻറ് മീൻപിടിത്ത തൊഴിലാളികളെ ആശങ്കയിലാക്കി. നിരോധന കാലയളവ് അവസാനിച്ച ശേഷമുള്ള ആദ്യദിനം പുതുവർഷാരംഭത്തി​െൻറ ആരംഭമായിട്ടാണ് മത്സ്യ മേഖലയിലുള്ളവർ കാണുന്നത്. ആദ്യ ദിനത്തിലുള്ള ജാഗ്രത നിർദേശം പാലിച്ചുകൊണ്ട് കടലിൽ പോകാതിരുന്നാൽ ഈ വർഷത്തിലെ ശകുനേക്കടാകുമോ എന്നതിലായിരുന്നു മേഖലയിലുള്ളവരുടെ ആശങ്കയും അസ്വസ്ഥതയും. ബേപ്പൂർ പുലിമുട്ട് തീരത്ത് മുമ്പെങ്ങുമില്ലാത്ത ആൾക്കൂട്ടമായിരുന്നു ചൊവ്വാഴ്ച അർധരാത്രി. മത്സ്യത്തൊഴിലാളി കുടുംബങ്ങളും തീരദേശവാസികളും ബോട്ടുടമകളും ആഘോഷത്തി​െൻറ ലഹരിയിൽ. ഉൾക്കടലിലേക്ക് യാത്രയാകുന്ന ബോട്ടുകളെ ആർപ്പുവിളികളും ഹർഷാരവങ്ങളോടെയും യാത്രയാക്കുവാനായിരുന്നു പുലിമുട്ട് കടൽതീരത്ത് ഇത്രയധികം ആളുകൾ അർധരാത്രിയിൽ ഒന്നിച്ചു കൂടിയത്. എന്നാൽ, കടലിൽ പോകരുതെന്ന നിർദേശം അവഗണിച്ചുകൊണ്ട് ആഴക്കടലിലെ മത്സ്യക്കൊയ്ത്ത് തേടിപ്പോകുവാനാണ് അവസാന നിമിഷം ബോട്ടുടമകളും തൊഴിലാളികളും തീരുമാനിച്ചത്. അപ്പോഴേക്കും സമയം ഒരുമണി. മറൈൻ എൻഫോഴ്സ്മ​െൻറ് വിഭാഗവും കോസ്റ്റൽ പൊലീസും ബോട്ടിൽ അഴിമുഖത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അധികൃതരുടെ ഇത്തരം നിർദേശങ്ങൾ പാലിക്കുകയാണെങ്കിൽ കടലിൽപോയി മീൻപിടിത്തം നടത്താനാകില്ലെന്നായിരുന്നു തൊഴിലാളികളുടെ നിലപാട്. കഴിഞ്ഞ ഡിസംബറിലെ ഓഖി ദുരന്തത്തിനുശേഷം തുടർച്ചയായി നിരവധിതവണ കാലാവസ്ഥ മുന്നറിയിപ്പ് നൽകുകയും മത്സ്യത്തൊഴിലാളികൾ ആരുംതന്നെ കടലിലേക്ക് പോകരുതെന്നുമുള്ള നിർദേശം ലഭിക്കാറുണ്ട്. നിഗമനത്തി​െൻറ അടിസ്ഥാനത്തിലാണ് മിക്ക സമയത്തും കാലാവസ്ഥ മുന്നറിയിപ്പെന്നാണ് തൊഴിലാളികളുടെ പൊവെയുള്ള കാഴ്ചപ്പാട്. വർഷാരംഭത്തിലെ ആദ്യദിവസത്തെ മീൻ പിടിത്തത്തിന് പോകുമ്പോഴുള്ള ഇത്തരം നിഗമനങ്ങൾ അവഗണിക്കാൻ തന്നെയായിരുന്നു തൊഴിലാളികളുടെ ഉറച്ച തീരുമാനം. ഇതിനാലാണ് ചൊവ്വാഴ്ച രാത്രി വൈകി ഒരുമണിയോടെ 300ഓളം ബോട്ടുകൾ ഉൾക്കടലിലെ മത്സ്യക്കൊയ്ത്ത് തേടി അവസാനം യാത്രതിരിച്ചത്. ശേഷിക്കുന്നവ ബുധനാഴ്ച രാത്രിയോടെ പുറപ്പെട്ടു. മീൻ പിടിത്തത്തിന് പോയ ബോട്ടുകൾ മത്സ്യ ലഭ്യതക്കനുസരിച്ചായിരിക്കും തിരിച്ചെത്തുക. ദിവസങ്ങളോളം കടലിൽ തങ്ങി മീൻപിടിക്കാൻ തക്കശേഷിയുള്ള ബോട്ടുകളാണ് ബേപ്പൂർ ഹാർബറിൽ മിക്കതും. പുതിയ ബോട്ടുകളും ഇക്കുറി നീരണിയാൻ ബേപ്പൂർ ഹാർബറിൽ എത്തിയിട്ടുണ്ട്. ദിവസങ്ങളോളം ആവശ്യമുള്ള ഡീസൽ, ഐസ്, വെള്ളം, ഭക്ഷണ സാധനങ്ങൾ തുടങ്ങിയവയെല്ലാം കരുതിയാണ് ഉൾക്കടലിലെ മീൻപിടിത്തം. ബോട്ടി​െൻറ അറ്റകുറ്റപ്പണികളെല്ലാം തീർത്താണ് ചാകര തേടിയുള്ള പുറപ്പാട്. ഇക്കുറി കടലമ്മ വേണ്ടുവോളം കനിയുമെന്ന് തന്നെയാണ് വിശ്വാസം. മുമ്പെങ്ങുമില്ലാത്ത കനത്ത മഴയും കാറ്റും കടലിളക്കവും മത്സ്യലഭ്യതക്ക് ആക്കം കൂട്ടുമെന്ന അഭിപ്രായവുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.