കുന്നത്തറ കമ്പനിയുടെ ആസ്തിവില ബോധ്യപ്പെടുത്തണമെന്ന് കോടതി

അത്തോളി: സർക്കാറിന് അറുപത്തിയാറ് ശതമാനം ഓഹരിയുള്ള കുന്നത്തറ കമ്പനിയുടെ ആസ്തികളുടെ വില ബോധ്യപ്പെടുത്തണമെന്ന് ഹൈകോടതി. നേരത്തേ കോടതി സ്റ്റേ ചെയ്ത ലിക്വിഡേഷൻ നടപടി തുടരാനനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഉത്തരവനുസരിച്ച് ഒഫീഷ്യൽ ലിക്വിഡേറ്റർ രണ്ടാഴ്ചക്കകം കുന്നത്തറ കമ്പനിയുടെ വസ്തുവകകളുടെ വില നിർണയം നടത്തി കോടതിയെ ബോധ്യപ്പെടുത്തണം. 2001 മുതൽ കമ്പനി ലിക്വിഡേഷനിലാണ്. പലതവണ കമ്പനി വിൽക്കാൻ ലിക്വിഡേറ്റർ ശ്രമം നടത്തിയെങ്കിലും ജനങ്ങളുടെയും തൊഴിലാളികളുടെയും പ്രക്ഷോഭത്തെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു. കമ്പനി ലിക്വിഡേറ്റ് ചെയ്ത് ബാധ്യത തീർക്കാനുള്ള നീക്കം തൊഴിലാളികൾ എതിർത്തിരുന്നു. തുടർന്ന് ലിക്വിഡേഷനെതിരെ കഴിഞ്ഞ സർക്കാർ തന്നെ രംഗത്തുവന്ന് കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ കോടതിയെ ബോധ്യപ്പെടുത്തുകയും ലിക്വിഡേഷൻ ഉത്തരവിന് സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. ഐ.ടി മേഖലയിൽ വ്യവസായ പാർക്കായിരുന്നു അന്ന് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതി​െൻറ സാധ്യതകൾ വിലയിരുത്തുന്നതിനായി ഒരു സമിതിക്ക് രൂപം നൽകിയിരുന്നു. ഈ സമിതി അനുകൂല റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. 1974ൽ അറുനൂറോളം അഭ്യസ്തവിദ്യരായ യുവാക്കൾ അഞ്ഞൂറ് രൂപ വീതം ഓഹരി പിരിച്ച് ആരംഭിച്ചതാണ് ഈ സംരംഭം. 1978ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പി.കെ. വാസുദേവൻ നായരായിരുന്നു കുന്നത്തറ കമ്പനി ഉദ്ഘാടനം ചെയ്തത്. കമ്പനിക്ക് പന്ത്രണ്ട് ഏക്കർ സ്ഥലവും കെട്ടിടവും യന്ത്രസാമഗ്രികളുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.