നിയമസഭയെ കാണാം; അന്നുമുതൽ ഇന്നുവരെ

കോഴിക്കോട്: 1888 മാർച്ച് 30ന് തിരുവിതാംകൂർ മഹാരാജാവ് പുറപ്പെടുവിച്ച റഗുലേഷ​െൻറ അടിസ്ഥാനത്തിൽ ലെജിസ്ലേറ്റിവ് കൗൺസിൽ നിലവിൽവന്നതു മുതൽ മുഖ്യമന്ത്രി പിണറായി വിജയ​െൻറ നേതൃത്വത്തിൽ നിലവിലെ മന്ത്രിസഭ അധികാരത്തിലേറിയതുവരെയുള്ള ചരിത്രവും വർത്തമാനവും പങ്കുവെച്ച് നിയമസഭ ചരിത്രപ്രദർശനം. നിയമസഭ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ടൗൺഹാളിലാണ് നിയമസഭ മ്യൂസിയം വിഭാഗത്തിനു കീഴിൽ പ്രദർശനം നടന്നത്. കേരളപ്പിറവിക്കുമുമ്പുള്ള തിരുവിതാംകൂർ, തിരുകൊച്ചി തുടങ്ങിയ നിയമനിർമാണ സഭകൾ, അധ്യക്ഷന്മാർ, പ്രധാനമന്ത്രിമാർ, മുഖ്യമന്ത്രിമാർ, 1957ൽ രൂപവത്കൃതമായ ഒന്നാം കേരള നിയമസഭ, തുടർ നിയമസഭകൾ, സർക്കാർ സംവിധാനങ്ങൾ, മുഖ്യമന്ത്രിമാർ, ഗവർണർമാർ, സ്പീക്കർമാർ, പ്രതിപക്ഷ നേതാക്കൾ, ഓരോ കാലത്തെയും മന്ത്രിമാർ, എം.എൽ.എമാർ എന്നിവരെക്കുറിച്ചെല്ലാം പ്രദർശനത്തിലൂടെ ചിത്രസഹിതം അറിയാനാവും. ഇ.എം.എസ് മന്ത്രിസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ജവഹർലാൽ നെഹ്റു, നിയമസഭ കോംപ്ലക്സ് രാഷ്ട്രപതി കെ.ആർ. നാരായണൻ ഉദ്ഘാടനം ചെയ്യുന്നത്, മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ തുടങ്ങിയ ‍അഭിമാന മുഹൂർത്തങ്ങളുടെ ചിത്രങ്ങളുമുണ്ട്. രാജ്യത്തെ പ്രത്യേകിച്ച് കേരളത്തിലെ ചരിത്രപ്രാധാന്യമുള്ള സം‍ഭവങ്ങളെക്കുറിച്ചുള്ള അക്കാലത്തെ പത്രവാർത്തകളും പ്രദർശിപ്പിച്ചിരിക്കുന്നു. ഏറ്റവും കൂടുതൽ കാലം നിയമസഭ സാമാജികയായിരുന്ന കെ.ആർ ഗൗരിയമ്മയെക്കുറിച്ച് പ്രത്യേക വിവരണം നൽകിയിട്ടുണ്ട്. സി.കെ നാണു എം.എൽ.എ പ്രദർശനം ഉദ്ഘാടനം ചെയ്തു. പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു, മുൻ എം.എൽ.എ ടി.പി.എം സാഹിർ, എ.ഡി.എം ജനിൽ കുമാർ, അബ്ബാസ് എന്നിവർ സംസാരിച്ചു. നിയമനിർമാണവുമായി ബന്ധപ്പെട്ടുള്ള വിവരണങ്ങൾ ഉൾപ്പെടുത്തിയ നമ്മുടെ നിയമസഭ, സംസ്ഥാന മന്ത്രിസഭകളെ കുറിച്ച് വജ്ര കേരളം എന്നീ ഹ്രസ്വ ചിത്രങ്ങളുടെ അവതരണവും പ്രദർശനത്തി​െൻറ ഭാഗമായുണ്ട്. നിയമസഭയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തുന്ന പുസ്തകങ്ങളുടെ വിൽപനയും ഒരുക്കിയിരിക്കുന്നു. പ്രദർശനം വ്യാഴാഴ്ച രാത്രി എട്ടിന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.