ലോറി സ്​റ്റാൻഡ് മേയ് ഒന്നുമുതൽ കോയ റോഡിലെ സ്വകാര്യ സ്ഥലത്ത്

കോഴിക്കോട്: സൗത്ത്ബീച്ചിലെ തുറമുഖ വകുപ്പി​െൻറ കീഴിലുള്ള ലോറി സ്റ്റാൻഡ് മേയ് ഒന്നുമുതൽ കോയ റോഡിലെ സ്വകാര്യ സ്ഥലത്തേക്ക് മാറ്റുന്നതിന് തീരുമാനമായി. ബീച്ച് റോഡിലെ അനധികൃത പാർക്കിങ്ങിനെതിരെ ലോക്കിങ് സംവിധാനം ഉൾപ്പെടെ കർശന നടപടി സ്വീകരിക്കാനും മേയർ തോട്ടത്തിൽ രവീന്ദ്ര​െൻറ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് ഉപദേശകസമിതി യോഗത്തിൽ തീരുമാനമാ‍യി. കോയ റോഡിലെ നിർദിഷ്ട സ്ഥലത്ത് ടോയ്ലറ്റ്, കുടിവെള്ളം ഉൾെപ്പടെയുള്ള സൗകര്യങ്ങളുണ്ട്. ഇവിടം ലോറികൾ പാർക്ക് ചെയ്യാൻ ഫീസ് നൽകേണ്ടിവരും. എന്നാൽ, പുതിയ സ്ഥലത്തേക്ക് മാറ്റുന്നതോടെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതോടൊപ്പം ലോറി ജീവനക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താനും ആകുമെന്നാണ് പ്രതീക്ഷ. മീഞ്ചന്തയിൽ ബസ് സ്റ്റാൻഡ് വികസനത്തിനായി കോർപറേഷൻ ഏറ്റെടുത്ത മൂന്ന് ഏക്കർ സ്ഥലവും കോയ റോഡിലെ സ്ഥലവുമായിരുന്നു ലോറി സ്റ്റാൻഡിനായി പരിഗണനയിലുണ്ടായിരുന്നത്. മീഞ്ചന്തയിലെ സ്ഥലം പ്രദേശത്ത് സർവിസ് അവസാനിപ്പിക്കുന്ന ബസുകളുടെ സ്റ്റാൻഡ് ആയും ലോറിയടക്കമുള്ളവയുടെ പാർക്കിങ് കേന്ദ്രമായും മാറ്റാൻ ആലോചനയുണ്ട്. ബീച്ചി​െൻറ പ്രധാന ഭാഗത്തുള്ള ലോറി സ്റ്റാൻഡ് മാറ്റി സ്ഥലം വികസിപ്പിച്ചാൽ ഒട്ടേറെ ടൂറിസം സാധ്യതകൾ ഉണ്ടാകുമെന്ന് നേരത്തേ അഭിപ്രായമുയർന്നിരുന്നു. കൂടാതെ, വീതി കുറഞ്ഞ റോഡിൽ അനധികൃത പാർക്കിങ് കാരണം വാഹനാപകടങ്ങൾ പതിവാകുന്നതും പ്രദേശത്ത് സാമൂഹികവിരുദ്ധ ശല്യം കൂടുന്നതായും പരാതി വ്യാപകമായിരുന്നു. ബീച്ചിലെ ലോറി സ്റ്റാൻഡും പാർക്കിങ് ഏരിയയും നിലവിൽ പരിഗണനയിലുള്ള സ്ഥലങ്ങളും മേയറുടെ നേതൃത്വത്തിലുള്ള ട്രാഫിക് ഉപദേശക സമിതി അംഗങ്ങൾ തിങ്കളാഴ്ച സന്ദർശിച്ചു. ലോറി സ്റ്റാൻഡ് ഉൾപ്പെട്ട നാലേക്കറോളം വരുന്ന സ്ഥലം ബീച്ചി​െൻറ മുഖ്യഭാഗത്തിൽപെട്ടതാണ്. ബീച്ചി​െൻറ മുഖച്ഛായ മാറ്റുന്ന തരത്തിൽ വലിയ തോതിൽ വികസനപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാവുന്ന ‍ഇടമാണിതെന്നും ഇതുമായി ബന്ധപ്പെട്ട് വിശദ ആലോചനകൾ നടത്തുമെന്നും ജില്ല കലക്ടർ യു.വി ജോസ് പറഞ്ഞു. മേയറുടെ ചേംബറിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതി യോഗത്തിൽ ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി കാളിരാജ് മഹേഷ്കുമാർ, ടൗൺ പ്ലാനർ ഷാജി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.