കുടിൽകെട്ടി സമരം: കുടുംബങ്ങൾക്ക് ഭൂമി ലഭിച്ചില്ല, കേസ് നടപ്പിന് ആദിവാസികളിൽനിന്ന് പണം വാങ്ങിയതായി പരാതി

വാണിമേൽ: സി.പി.എം നേതൃത്വത്തിൽ കർഷകത്തൊഴിലാളി യൂനിയൻ നടത്തിയ കുടിൽകെട്ടി സമരത്തിൽ കുടിൽ കെട്ടി താമസമാക്കിയ ആദിവാസികളടക്കമുള്ള കുടുംബങ്ങൾക്ക് ഭൂമി ലഭിച്ചില്ല. കേസ് നടത്താൻ ആദിവാസികളിൽനിന്ന് പണം വാങ്ങിയതായി പരാതിയുയർന്നിട്ടുണ്ട്. 2012ലാണ് ഭവനരഹിതരെ വാണിമേൽ വാളാംതോട്ടിൽ സി.പി.എം കുടിൽകെട്ടി താമസിപ്പിച്ചത്. സംസ്ഥാന വ്യാപകമായി നടന്ന സമരത്തി​െൻറ ഭാഗമായി കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽനിന്നുള്ള ഭവനരഹിതരായ 48 കുടുംബങ്ങളെയാണ് വാളാംതോട്ടിലെ രണ്ടേമുക്കാൽ ഏക്കറോളം ഭൂമിയിൽ താമസിപ്പിച്ചത്. സർക്കാറും സ്വകാര്യവ്യക്തിയും തമ്മിൽ ഉടമസ്ഥാവകാശ തർക്കം നിലനിൽക്കുന്ന ഭൂമിയിലാണ് കുടിൽകെട്ടിയത്. മിച്ചഭൂമിയാണെന്ന സർക്കാർവാദത്തി​െൻറ അടിസ്ഥാനത്തിൽ ഹൈകോടതിയിൽ കേസ് നടക്കുകയാണ്. ആദ്യഘട്ടത്തിൽ താമസമാക്കിയവർ പലരും ഒഴിഞ്ഞുപോയി. നാല് കുടുംബങ്ങളാണ് സമരഭൂമിയിൽ ബാക്കിയുള്ളത്. ഇവരിൽനിന്ന് കേസ് നടത്തിപ്പിന് പാർട്ടി പതിനായിരം രൂപ വാങ്ങിയതായാണ് പരാതി ഉയർന്നത്. സമരഭൂമിയിൽ ജീവിക്കാൻ മല്ലിടുന്നതിനിടെ ആഴ്ചകളോളം ഭൂമിയിലെ കശുവണ്ടിയും മറ്റും ശേഖരിച്ച് പണം നൽകിയിട്ടും ഭൂമി ലഭിച്ചില്ലെന്ന് ഇവർ പറയുന്നു. പുറമ്പോക്കിലും മറ്റും താമസമാക്കിയവരാണ് ഭൂമിയും വീടും മോഹിച്ച് ഇവടെ എത്തിയത്. സമരത്തി​െൻറ ആദ്യനാളുകളിൽ പാർട്ടി സഹായം ചെയ്തെങ്കിലും പിന്നീട് ഉണ്ടായില്ല. സ്ഥലപരിചയം പോലുമില്ലാതെ എത്തിയവർ നിത്യച്ചെലവിനുപോലും പണമില്ലാതായതോടെ തിരിച്ചുപോകുകയായിരുന്നു. താമസക്കാരിൽ പലരും രോഗികളുമായിരുന്നു. മലപ്പുറം സ്വദേശിനി ആമിന ഉമ്മ ഈയിടെ മരണമടഞ്ഞതോടെ മകൻ അബ്ദുവും സുബൈദയും ആറുവർഷത്തെ താമസത്തിനുശേഷം അടുത്തകാലത്താണ് പെരിങ്ങത്തൂരിലെ പുറമ്പോക്കിലേക്കുതന്നെ മടങ്ങിയത്. പണം നൽകിയിട്ടും ഭൂമി ലഭിക്കാത്തതെന്താണെന്നാണ് ഇവരുടെ ചോദ്യം. എന്നാൽ, വാണിമേൽ വാളാംതോട്ടിലെ സമരഭൂമിയിൽ കഴിയുന്നവരിൽ നിന്ന് പാർട്ടി പണം വാങ്ങിയിട്ടില്ലെന്നാണ് സമരസമിതി കൺവീനറുടെ വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.