രാജേഷ് വധം: മുഖ്യപ്രതികളിലൊരാൾ അറസ്​റ്റിൽ

കിളിമാനൂർ: മുൻ റേഡിയോ ജോക്കിയും നാടൻപാട്ട് കലാകാരനുമായ മടവൂർ രാജേഷിനെ റെക്കോഡിങ് സ്റ്റുഡിയോക്കുള്ളിലിട്ട് വെട്ടിക്കൊന്ന കേസിൽ മുഖ്യ സൂത്രധാരന്മാരിൽ ഒരാൾ അറസ്റ്റിൽ. കുണ്ടറ ചെറുമൂട് എൽ.എസ് നിലയത്തിൽ സ്ഫടികം സ്വാതി എന്ന സ്വാതി സന്തോഷ് (23) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത ഇയാളെ വിശദമായി ചോദ്യംചെയ്തശേഷം തിങ്കളാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതികളായ സാത്താൻ അപ്പുണ്ണിയെയും അലിഭായിയെയും കൂട്ടിക്കൊണ്ടുവന്നതും രാജേഷി​െൻറ സ്റ്റുഡിയോയും മറ്റും കണ്ട് മനസ്സിലാക്കി പ്രതികൾക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കിയതും സ്വാതിയാണെന്ന് പൊലീസ് പറഞ്ഞു. കൊലക്ക് ഉപയോഗിച്ച വാൾ പ്രതികൾക്ക് വാങ്ങിക്കൊടുത്തതും അവരെ സംഭവസ്ഥലത്തുനിന്ന് ബംഗളൂരുവിൽ എത്തിച്ചതും അവിടെനിന്ന് അടൂരിൽ കാർ എത്തിച്ചതും സ്വാതിയാണ്. അതിനുശേഷം കഴിഞ്ഞദിവസം അറസ്റ്റിലായ യാസീനൊപ്പം ഇയാൾ ചെന്നൈക്ക് രക്ഷപ്പെടുകയായിരുന്നു. നിരവധി ക്വേട്ടഷൻ സംഘങ്ങൾക്കൊപ്പം പ്രവർത്തിച്ച് പരിചയമുള്ള സ്വാതിക്കെതിരെ അഞ്ചാലുംമൂട്, കുണ്ടറ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കൊലപാതകം നടത്തിയത് അലിഭായിയും അപ്പുണ്ണിയും തന്നെയാണെന്ന് വ്യക്തമായതായി പൊലീസ് വൃത്തങ്ങൾ പറയുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി അനിൽകുമാറി​െൻറ മേൽനോട്ടത്തിൽ കിളിമാനൂർ ഇൻസ്പെക്ടർ പ്രദീപ്കുമാറി​െൻറ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ സ്വാതിയെ റിമാൻറ് ചെയ്തു. ഇതോടെ രാജേഷ് വധവുമായി ബന്ധപ്പെട്ടുള്ള അറസ്റ്റ് മൂന്നായി. പ്രതികൾക്ക് താമസം ഉൾെപ്പടെ സഹായം ലഭ്യമാക്കിയതിന് കൊല്ലം സ്വദേശി സനുവിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. എൻജിനീയറിങ് വിദ്യാർഥി ഓച്ചിറ മേമന വലിയകുളങ്ങര എം.എ കോർട്ടിൽ യാസീനെ (23) ഞായറാഴ്ച അറസ്റ്റ് ചെയ്തു. ഇയാളെയും റിമാൻറ് ചെയ്തു. അപ്പുണ്ണി ചെന്നൈയിലുണ്ടെന്നാണ് പൊലീസി​െൻറ അനുമാനം. വിദേശത്തുള്ള അലിഭായിയെ പിടികൂടാൻ അന്വേഷണസംഘം വിദേശത്ത് പോകുന്നതിനുള്ള ഒരുക്കത്തിലാണ്. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.