പി.എം.എ.വൈ ഭവനപദ്ധതി: 10 വീടുകൾ സമർപ്പിച്ചു

കോഴിക്കോട്: 'എല്ലാവർക്കും ഭവനം' എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ ) പദ്ധതിക്കു കീഴിൽ ഭവന നിർമാണം പൂർത്തിയാക്കിയ 10 വീടുകൾ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഗുണഭോക്താക്കൾക്ക് സമർപ്പിച്ചു. മൊകവൂർ, മായനാട്, നെല്ലിക്കോട്, പറയഞ്ചേരി, കൊമ്മേരി, കിണാശ്ശേരി, പൊക്കുന്ന്, പന്നിയങ്കര, ചെറുവണ്ണൂർ, നല്ലളം എന്നീ വാർഡുകളിൽ നിർമിച്ച വീടുകളാണ് സമർപ്പിച്ചത്. 2022ഓടെ കോർപറേഷൻ എല്ലാവർക്കും പാർപ്പിടം ലഭ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കുമെന്ന് മേയർ പറഞ്ഞു. കോർപറേഷനിൽ അഞ്ച് ഘട്ടങ്ങളായുള്ള ഡി.പി.ആറുകളിലായി 3009 ഗുണഭോക്താക്കളാണ് പദ്ധതിക്കു കീഴിൽ വരുന്നത്. ഡി.പി.ആർ ഒന്നിൽ 1783ഉം ഡി.പി.ആർ രണ്ടിൽ 289ഉം ഡി.പി.ആർ മൂന്നിൽ 320ഉം ഡി.പി.ആർ നാലിൽ 416ഉം ഡി.പി.ആർ അഞ്ചിൽ 201പേരുമാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 50ൽ താഴെ വീടുകൾ പൂർത്തിയായി. നാലുലക്ഷം രൂപയാണ് ഓരോ വീടിനും ചെലവഴിക്കുന്നത്. ഒന്നു മുതൽ മൂന്നു വരെയുള്ള ഘട്ടങ്ങളുടെ നിർവഹണമാണ് നിലവിൽ നടക്കുന്നത്. ഇതോടൊപ്പം ഒന്നാം ഡി.പി.ആറിലെ അനർഹരെ കണ്ടെത്തുന്നതിനുള്ള സ്ക്രീനിങ്ങും നാലാം ഡി.പി.ആറിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ ഫീൽഡ് തല പരിശോധനയും വിവിധ വാർഡുകളിലായി പുരോഗമിക്കുന്നു. നഗരസഭ വിഹിതമായ രണ്ട് കോടി എൺപത്തി രണ്ട് ലക്ഷം രൂപയും കേന്ദ്ര വിഹിതമായ മൂന്നു കോടിയും സംസ്ഥാന സർക്കാർ വിഹിതമായ ഒരു കോടിയും ഗുണഭോക്തൃ വിഹിതമായ 48 ലക്ഷവുമുൾെപ്പടെ ഏഴുകോടി മുപ്പത്തിയൊന്ന് ലക്ഷം രൂപയാണ് ആകെ ചെലവഴിക്കുന്നത്. ഇതിൽ അഞ്ച് കോടി നാൽപത്തിയഞ്ച് ലക്ഷം രൂപ ഇതിനോടകം പദ്ധതിക്കായി ചെലവഴിച്ചിട്ടുണ്ട്. കോർപറേഷൻ ഓഫിസ് പരിസരത്ത് നടന്ന വീടുകളുെട താക്കോൽദാന ചടങ്ങിൽ നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.സി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഗുണഭോക്താക്കൾക്കുള്ള ഉപഹാര വിതര‍ണം ഡെപ്യൂട്ടി മേയർ മീര ദർശക് നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.സി. രാജൻ, അനിത രാജൻ, കെ.വി. ബാബുരാജ്, ടി.വി. ലളിത പ്രഭ, കൗൺസിലർമാരായ പി.എം. സുരേഷ്ബാബു, സി. അബ്ദുറഹ്മാൻ, പി. കിഷൻചന്ദ്, നമ്പിടി നാരായണൻ, എൻ.പി. പത്മനാഭൻ, പ്രശാന്ത് കുമാർ, കോർപറേഷൻ സെക്രട്ടറി മൃൺമയി ജോഷി എന്നിവർ സംസാരിച്ചു. അഡീ. സെക്രട്ടറി കെ.പി. വിനയൻ സ്വാഗതവും പ്രോജക്ട് ഓഫിസർ എം.വി. റംസി ഇസ്മയിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.