പി.എം.എ.വൈ ഭവന പദ്ധതി: 10 വീടുകളുടെ താക്കോൽ ദാനം ഇന്ന്​

കോഴിക്കോട്: എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പി.എം.എ.വൈ പദ്ധതി പ്രകാരം കോർപറേഷനുകളിൽ ഭവന നിർമാണം പൂർത്തിയാക്കിയ 10 വീടുകളുടെ താക്കോൽദാനം വെള്ളിയാഴ്ച രാവിലെ 9.30ന് കോർപറേഷൻ ഒാഫിസ് അങ്കണത്തിൽ ചേരുന്ന ചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിക്കും. ഒന്നു മുതൽ അഞ്ചു ഘട്ടങ്ങളിലായുള്ള ഡി.പി.ആറുകളിൽ 3009 ഗുണഭോക്താക്കളാണ് നഗരസഭയിലുള്ളത്. ഡി.പി.ആർ ഒന്നിൽ 1783ഉം ഡി.പി.ആർ രണ്ടിൽ 289ഉം ഡി.പി.ആർ മൂന്നിൽ 320ഉം ഡി.പി.ആർ നാലിൽ 416ഉം ഡി.പി.ആർ അഞ്ചിൽ 201പേരുമാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ കെട്ടിട നിർമാണ അനുമതി ഹാജരാക്കിയ 446 ഗുണഭോക്താക്കളുമായി പദ്ധതി കരാർ നടപ്പാക്കുകയും വിവിധ നിർമാണ പ്രവർത്തനങ്ങൾക്കനുസരിച്ച് തുക വിതരണം ചെയ്തുവരുന്നുമുണ്ട്. നാല് ഘട്ടങ്ങളായാണ് പദ്ധതി തുക വിതരണംചെയ്യുന്നത്. ഒാരോ ഘട്ടങ്ങളും നേരിട്ട് പരിശോധന നടത്തുകയും ടാഗിങ് നടത്തുകയും ചെയ്യുന്നു. മൂന്നു ലക്ഷം രൂപയായിരുന്ന പദ്ധതി തുക സർക്കാർ വർധിപ്പിച്ചതനുസരിച്ച് നിലവിൽ നാലു ലക്ഷം രൂപയാണ് നൽകി വരുന്നത്. ഒന്നു മുതൽ മൂന്നു വരെയുള്ള ഘട്ടങ്ങളുടെ നിർവഹണമാണ് നിലവിൽ നടക്കുന്നത്. ഇതോടൊപ്പം ഒന്നാം ഡി.പി.ആറിലെ അനർഹരെ കണ്ടെത്തുന്നതിനുള്ള സ്ക്രീനിങ്ങും നാലാം ഡി.പി.ആറിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ ഫീൽഡ് തല പരിശോധനയും വിവിധ വാർഡുകളിലായി പുരോഗമിക്കുന്നു. നഗരസഭ വിഹിതമായ രണ്ടു കോടി എൺപത്തി രണ്ട് ലക്ഷം രൂപയും കേന്ദ്ര-സംസ്ഥാന വിഹിതമായ നാലു േകാടി നാൽപത്തിഎട്ട് ലക്ഷം രൂപയും ഉൾപ്പെടെ ഏഴ് കോടി മുപ്പത്തി ഒന്ന് ലക്ഷം രൂപയിൽ ഇതിനകം അഞ്ച് കോടി നാൽപത്തി അഞ്ച് ലക്ഷം രൂപ പദ്ധതിക്കായി ചെലവഴിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.