നഗരത്തിൽ പാർക്കിങ് നിയന്ത്രിക്കാൻ ഇനി ഭിന്നശേഷിക്കാരും

കോഴിക്കോട്: കോർപറേഷൻ പരിധിയിൽ എ.കെ.ജി മേൽപാലത്തിനടിയിൽ പാർക്കിങ് ടോൾ പിരിക്കാൻ ഭിന്നശേഷിക്കാർക്ക് അനുമതി. വിഷയത്തിൽ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനായ 'പരിവാർ' കോർപറേഷനു നൽകിയ അപേക്ഷ വ്യാഴാഴ്ച നടന്ന കൗൺസിൽ യോഗം അംഗീകരിച്ചു. ബൈക്ക്, കാർ പാർക്കിങ്ങിനുള്ള ടോൾ പിരിക്കാനുള്ള അനുമതിയാണ് ഭിന്നശേഷിക്കാർക്ക് നൽകിയത്. ഒരു വർഷത്തേക്കാണ് അനുമതി. ഇരുചക്രവാഹനം 12 മണിക്കൂറിന് 20 രൂപ, 24 മണിക്കൂറിന് 40 രൂപ, 12 മ‍ണിക്കൂറിൽ കുറവാണെങ്കിൽ 10 രൂപ, നാലുചക്ര വാഹനം 12 മണിക്കൂറിന് 50 രൂപ, 24 മണിക്കൂറിന് 100 രൂപ, 12 മണിക്കൂറിൽ കുറവാണെങ്കിൽ 20 രൂപ എന്നിങ്ങനെയാണ് പാർക്കിങ് ഫീസ്. ഒാരോ മാസവും 3000 രൂപ കോർപറേഷനിലേക്ക് അടക്കണം. പരിവാറിനു കീഴിൽ 30 പേർക്കാണ് ആദ്യഘട്ടമെന്ന നിലക്ക് പാർക്കിങ് നിയന്ത്രണ ജോലി നൽകുക. മൂന്നു ദിവസത്തെ റൊട്ടേഷനിൽ ഓരോരുത്തരും പാർക്കിങ് ഫീ പിരിക്കും. പാലത്തിന് താഴെ ഇരുവശത്തുമായി ഒാരോ ദിവസവും 10 പേർ വീതം സേവനമനുഷ്ഠിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ബുദ്ധിപരമായി െവല്ലുവിളി നേരിടുന്നവർക്ക് പാർക്കിങ് ഫീ പിരിക്കുന്ന ജോലി ചെയ്യാനവസരം കിട്ടുന്നതെന്ന് ഇതിന് മുന്നിട്ടിറങ്ങിയ 'പരിവാർ' ഭാരവാഹികൾ അറിയിച്ചു. ‍ തുടർന്നുള്ള കാര്യങ്ങൾ സമിതി ചേർന്ന് തീരുമാനിക്കുമെന്ന് 'പരിവാറി'നു കീഴിലുള്ള സെൽഫ് അഡ്വകസി ഫോറം ഓഫ് ഇന്ത്യ (സഫി) സംസ്ഥാന കോർഡിനേറ്റർ പി. സിക്കന്ദർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.