റൂറൽ പൊലീസ് പരിധിയിൽ സൈബർ കേസുകളുടെ അന്വേഷണം വഴിമുട്ടി

നാദാപുരം: മോർഫ് ചെയ്യപ്പെട്ട ഫോട്ടോകൾ പ്രചരിപ്പിക്കുക, വ്യാജ ഫോൺ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുക, ഇൻറർനെറ്റ് ബാങ്കിങ് തട്ടിപ്പ് തുടങ്ങിയ കേസുകളുടെ തുമ്പുകൾ കണ്ടെത്തുന്നതിൽ പൊലീസിലെ സൈബർ സംവിധാനം അപര്യാപ്തമാണെന്ന് വ്യാപക പരാതി. വടകരയിൽ മോർഫ് ചെയ്ത ഫോട്ടോകൾ പ്രചരിപ്പിച്ച സംഭവവും നാദാപുരം, വളയം സ്റ്റേഷനുകളിലെ സൈബർ പരാതികൾ തെളിയിക്കാനാവാത്തതും സൈബർ പൊലീസ് വിഭാഗത്തി​െൻറ വീഴ്ചയാണെന്നാണ് പരാതി. മോർഫ് ചെയ്യപ്പെട്ട ഫോട്ടോ ഉപയോഗിച്ച് നാദാപുരം വരിക്കോളി സ്വദേശിയായ യുവതിയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ കഴിഞ്ഞ ഡിസംബറിൽ നൽകിയ കേസും വളയത്ത് എ.ടി.എമ്മിൽനിന്ന് പണം തട്ടിയ പരാതിയുമുൾപ്പെടെ നിരവധി കേസുകളാണ് എങ്ങുമെത്താതെ കെട്ടിക്കിടക്കുന്നത്. വരിക്കോളിയിലെ വീട്ടമ്മയായ യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസ് കഴിഞ്ഞ ഡിസംബറിൽ നാദാപുരം പൊലീസ് രജിസ്റ്റർ ചെയ്ത് വടകരയിലെ സൈബർ വിഭാഗത്തിന് കൈമാറിയിരുന്നു. ഈ കേസിൽ പ്രതിയുടെ നമ്പറും മറ്റും പരാതിക്കാർതന്നെ പൊലീസിന് കൈമാറിയിട്ടും സൈബർ പൊലീസിന് പ്രതിയുടെ വിവരം ശേഖരിക്കാനായില്ല. ആറു മാസം മുമ്പ് കീറിയപറമ്പത്ത് രവിയുടെ പാറക്കടവിലെ ബാങ്ക് അക്കൗണ്ടിൽനിന്ന് എ.ടി.എം മുഖേന പണം കവർന്ന സംഭവത്തിലും അന്വേഷണം എങ്ങുമെത്തിയില്ല. പണം ട്രാൻസ്ഫർ ചെയ്യപ്പെട്ട തൃശൂരിലെ ധനകാര്യ സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ പരാതിക്കാരൻ വളയം പൊലീസിന് നൽകിയിട്ടും സൈബർ വിഭാഗത്തിൽനിന്ന് അന്വേഷണ റിപ്പോർട്ട് ലഭിച്ചില്ല. ആദ്യകാലങ്ങളിൽ നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ ഉൾപ്പെടെ സൈബർ പൊലീസ് കണ്ടെത്താറുണ്ടെങ്കിലും അടുത്തകാലത്തായി കുറ്റകൃത്യങ്ങളുള്ള കേസുകൾ മാത്രമേ സൈബർ വിഭാഗം ഏറ്റെടുക്കുന്നുള്ളൂ. നാദാപുരം മേഖലയിൽതന്നെ നിരവധി തീവെപ്പ്, സ്ഫോടനക്കേസുകൾ പൊലീസ് കമ്പ്യൂട്ടർ വിഭാഗത്തി​െൻറ റിപ്പോർട്ടിനായി കാത്തിരിക്കുകയാണിപ്പോൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.