വേനൽമഴ ലഭിച്ചിട്ടും കബനി വരണ്ടുതന്നെ

പുൽപള്ളി: വേനൽമഴ ലഭിച്ചിട്ടും കബനി നദി പാറക്കെട്ടുകൾ നിറഞ്ഞ് വരണ്ടു തന്നെ. പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെയുള്ള ഭാഗത്ത് ചിലയിടങ്ങളിൽ മാത്രേമ വെള്ളം കാണാനാകൂ. നാട്ടിലെങ്ങും ജലക്ഷാമം രൂക്ഷമായതോടെ ആളുകൾ അലക്കാനും കുളിക്കാനുമായി എത്തുന്നതും കബനിയിൽ തന്നെയാണ്. ചിലഭാഗങ്ങളിൽ മാത്രമാണ് വെള്ളം കെട്ടിനിൽക്കുന്നത്. ഇവിടെ പകൽ മുഴുവൻ ആളുകളുടെ തിരക്കുമാണ്. ഒരാഴ്ച മുമ്പ് ജില്ലയിൽ മഴ ലഭിച്ചപ്പോൾ കബനിയിൽ ജലനിരപ്പുയർന്നിരുന്നു. എന്നാൽ, ബീച്ചനഹള്ളി അണക്കെട്ടിലേക്കാണ് ഈ വെള്ളം എത്തിയത്. കാർഷികാവശ്യങ്ങൾക്കും മറ്റും ഡാം തുറന്ന് വെള്ളം തുറന്നുവിട്ടതോടെ കബനിയിൽ വീണ്ടും പാറക്കെട്ടുകൾ നിറഞ്ഞു. കബനി ജലവിതരണപദ്ധതിയുടെ പമ്പ് ഹൗസ് മരക്കടവിലാണ്. ഈ ഭാഗത്ത് മാത്രമാണ് കുറച്ചെങ്കിലും വെള്ളമുള്ളത്. തുടർച്ചയായി വെള്ളം പമ്പ് ചെയ്താൽ ഇവിടെയും പുഴ വറ്റുന്നു. അതിനാൽ എല്ലാ ദിവസവും കുടിവെള്ള ആവശ്യത്തിന് വെള്ളം പമ്പ് ചെയ്യാൻ പറ്റാത്ത അവസ്ഥയുമാണ്. വേനൽ നീണ്ടാൽ പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങും. വെള്ളം തടഞ്ഞുനിർത്താൻ കബനിയിൽ താൽക്കാലിക തടയണകൾ നിർമിക്കേണ്ട അവസ്ഥയുണ്ടാകും. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഇത്തരത്തിൽ തടയണ നിർമിച്ചാണ് വെള്ളം കെട്ടിനിർത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.