ഉച്ചച്ചൂടിൽ കുളിരായി തെരുവുഗായക​െൻറ പാട്ടുകൾ

കുറ്റ്യാടി: അത്യുഷ്ണത്തിൽ അങ്ങാടിയുടെ അരികിലും പീടികക്കോലായകളിലും അഭയം തേടിയ യാത്രക്കാർക്ക് കുളിരായി തെരുവുഗായക​െൻറ പാട്ടുകൾ. കായണ്ണ സ്വദേശി പി.കെ. കുഞ്ഞിമൊയ്തീനാണ് പാടിപ്പതിഞ്ഞ ചലച്ചിത്ര ഗാനങ്ങളും ഇമ്പമാർന്ന മാപ്പിളപ്പാട്ടുകളുമായി ബസ്സ്റ്റോപ്പുകളിലും ബസ്സ്റ്റാൻഡുകളിലും പാടുന്നത്. മൊബൈൽ ഫോണിൽ നിന്നുള്ള കരോക്കെക്ക് അനുസരിച്ച് പാടുന്ന ഈ ഏകാംഗ ഗാനമേളക്കാരൻ ആളുകൾക്ക് കൗതുകമാവുകയാണ്. പാടുക മാത്രമല്ല ഒപ്പം ആടുകയും ചെയ്യുന്ന ഇയാൾക്ക് ചുറ്റും കാണികൾ തടിച്ചുകൂടുന്നു. ഒരു ബാഗിൽ സ്പീക്കറും മറ്റൊന്നിൽ ബാറ്ററിയും സ്റ്റീരിയോയും കൊണ്ടുവന്ന് പറ്റിയ ഇടം നോക്കി പാട്ടു തുടങ്ങും. മുമ്പ് ദോലക് മുട്ടാൻ സഹായിയായി ചാക്കോ എന്നൊരാൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അസുഖം കാരണം വരാത്തതിനാൽ താൻ ഒറ്റക്കാണ് നാടുചുറ്റി പാടുന്നതെന്ന് മൊയ്തീൻ പറഞ്ഞു. പതിനാറാം വയസ്സിൽ തുടങ്ങിയതാണ്. കേരളത്തിന് പുറത്തും പോയി തെരുവിൽ പാടാറുണ്ട്. അവിടങ്ങളിൽ ഹിന്ദി, തമിഴ് പാട്ടുകളാണ് പാടുക. പാട്ടുപാടിയാണ് ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബത്തെ പോറ്റുന്നത്. നാലാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ പാട്ടുപാടാറുണ്ട്. പല ഗായകരും തനിക്ക് പണം തരും. ഒപ്പം തങ്ങളുടെ പാട്ടുകൾ തെരുവിൽ പാടണമെന്നും പറയാറുണ്ടത്രെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.