കനോലി സായിപ്പറിയു​ന്നുണ്ടോ മാലിന്യകനാൽ ദുരിതം?

കോഴിക്കോട്: കല്ലായിപ്പുഴക്കും കോരപ്പുഴക്കും കുറകെയൊരു കനൽ മലബാർ കലക്ടറായിരുന്ന എച്ച്.വി. കനോലി യാഥാർഥ്യമാക്കാനിറങ്ങിയത് സുഖകരമായ ജലയാത്ര സ്വപ്നം കണ്ടായിരുന്നു. പക്ഷേ, ഇന്ന് ഇൗ കനാലിലെ നിത്യയാത്രികർ മാലിന്യം മാത്രമാണ്. കനോലി കനാലിൽ നിറഞ്ഞ് നിൽക്കുന്ന മാലിന്യക്കാഴ്ച കനോലി സായിപ്പറിയുന്നുണ്ടോ ആവോ. ജൈവവൈവിധ്യകേന്ദ്രമായ സരോവരം ബയോപാർക്കിന് സമീപത്തുള്ള കനാലി​െൻറ ഭാഗത്താണ് മാലിന്യം ഏറ്റവുമധികം പരന്നൊഴുകുന്നത്. വേലിയേറ്റനേരങ്ങളിൽ കല്ലായിയിൽനിന്ന് എരഞ്ഞിക്കൽ പുഴയിലേക്ക് ഒഴുക്കിൽ എത്തുന്ന മാംസാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും കൊണ്ട് കനാൽ നിറഞ്ഞിരിക്കയാണ്. കനാലിൽനിന്ന് കളിപ്പൊയ്കയിലേക്കും മാലിന്യം ഒഴുകിയെത്തുന്നു. സരോവരം ഭാഗത്തുള്ള പക്ഷികളും മത്സ്യങ്ങളും മാലിന്യവുമായി മല്ലിടുന്ന അവസ്ഥയാണ്. മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ പണിപ്പെട്ട് ഭക്ഷണം തേടുന്ന കൊക്കുകളും തിത്തിരിപ്പക്ഷികളും കുളക്കോഴികളും മീൻകൊത്തികളുമെല്ലാം സ്ഥിരം കാഴ്ചയായി. കാരപ്പറമ്പ്, എരഞ്ഞിപ്പാലം, കുണ്ടുപറമ്പ് മേഖലകളിൽ ഒഴുകിയെത്തുന്ന മാലിന്യം കനാലോരങ്ങളിലെ കുറ്റിക്കാടുകളിൽ തങ്ങിക്കിടന്നുണ്ടാവുന്ന ദുർഗന്ധം അസഹനീയമാണ്. മൊത്തം 12 കിലോമീറ്ററിലേറെ ദൂരമുള്ള കനാലിൽ എല്ലാ ഭാഗത്തും ഒരേ പോലെ മാലിന്യമൊഴുകുകയാണ് ഇൗ വേനലിൽ. കനാൽ നവീകരണം തുടങ്ങണമെന്ന നഗരത്തി​െൻറ കാലങ്ങളായുള്ള ആവശ്യം ഇൗ വേനലിലും നടപ്പാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. മാലിന്യം കൊണ്ടിടുന്നത് തടയാനുള്ള സംവിധാനം കുറ്റമറ്റതാക്കാൻ ഇപ്പോഴും അധികൃതർക്കാവുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.