ചികിത്സക്കിടെ അണുബാധയേറ്റ് മധ്യവയസ്കൻ ഗുരുതരാവസ്ഥയിലായ സംഭവം: അന്വേഷണം തുടങ്ങി

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായ അനാസ്ഥമൂലം മധ്യവയസ്ക​െൻറ നില ഗുരുതരമായ സംഭവത്തിൽ അന്വേഷണം തുടങ്ങി. വാഹനാപകടത്തിൽ സാരമായ പരിക്കേറ്റ് കഴിഞ്ഞ 28ന് ആശുപത്രി‍യിൽ പ്രവേശിപ്പിച്ച ചക്കോരത്തുകുളം സൺറൈസ് വീട്ടിൽ ശിവാനന്ദനെ ആവശ്യത്തിന് പരിചരണം കിട്ടാത്തതിനാൽ അണുബാധ ഏൽക്കുകയും തുടർന്ന് ഇയാളെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയുമായിരുന്നു. എരഞ്ഞിപ്പാലത്തുവെച്ച് ബസിടിച്ചാണ് ലോട്ടറി വിൽപനക്കാരനായ ഇയാൾക്ക് പരിക്കേറ്റത്. കാൽമുട്ടിനുതാഴെ കാര്യമായ പരിക്കേൽക്കുകയും വാരിയെല്ലിനു ക്ഷതം സംഭവിക്കുകയും ചെയ്ത ഇയാളെ മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ നൽകി പത്താം വാർഡിലേക്ക് മാറ്റി. പ്ലാസ്റ്റിക് സർജറിയും ഓർത്തോ വിഭാഗവും ഒരുമിച്ച് നൽകേണ്ടിയിരുന്ന ചികിത്സയിൽ ഓർത്തോ വിഭാഗം വലിയ അനാസ്ഥയാണ് കാണിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. മുറിവ് ഡ്രസ് ചെയ്യാനോ അണുബാധ വരാതെ നോക്കാനോ ഒന്നും ജീവനക്കാർ തയാറായില്ല. വേദനയിൽ പുളയുന്ന ഇയാളുടെ മുറിവ് ഡ്രസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാൽ നിങ്ങൾതന്നെ ചെയ്താൽ മതിയെന്നും മറ്റുമാണ് ബന്ധപ്പെട്ടവർ അറിയിക്കാറുള്ളതെന്ന് ഭാര്യ പറഞ്ഞു. ആവശ്യത്തിന് ചികിത്സ കിട്ടാത്തതിനാൽ എല്ലിന് പഴുപ്പും അണുബാധയും ഏറ്റതിെനത്തുടർന്ന് ഇവർ ആശുപത്രി വിട്ട് കോയമ്പത്തൂരിൽ ചികിത്സ തേടി. ഇവിടെവെച്ച് ശസ്ത്രക്രിയ നടത്തിയ രോഗിയുടെ നിലയിൽ പുരോഗതിയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ, ചികിത്സ പിഴവിെനത്തുടർന്ന് വലിയ പ്രത്യാഘാതങ്ങളാണ് ശാരീരികാവസ്ഥയിലുണ്ടായത്. സംഭവത്തിൽ ശിവാനന്ദ​െൻറ സഹോദരൻ ദേവദാസൻ നൽകിയ പരാതിയെത്തുടർന്ന് അന്വേഷണം നടത്താൻ ആശുപത്രി സൂപ്രണ്ട് ഡോ. കെ.ജി. സജിത്ത് കുമാർ ഉത്തരവിട്ടിരുന്നു. സീനിയർ ഡോക്ടർ അലക്സ് ഉമ്മൻ, ആർ.എം.ഒ ഡോ. ദയാൽ നാരായണൻ എന്നിവർക്കാണ് അന്വേഷണ ചുമതല നൽകിയിരുന്നത്. ഇതിനിടയിൽ ഡോ. അലക്സ് ഉമ്മൻ അന്വേഷണ ചുമതലയിൽനിന്ന് സ്വമേധയ വിട്ടുനിന്നു. ഇയാൾക്കു പകരം സർജറി വിഭാഗത്തിലെ ഡോ. രാജൻകുമാറിനാണ് ചുമതല. ഇവർ രണ്ടാഴ്ചക്കുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്നും ഇതി​െൻറ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും സൂപ്രണ്ട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.