ഉ​ണ്ണി​കു​ളം മൊ​കാ​യി കു​ടി​വെ​ള്ള പ​ദ്ധ​തി: പൊ​ട്ടി​യ പൈ​പ്പു​ക​ള്‍ മാ​റ്റി​യി​ല്ല

എകരൂൽ: വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള മൊകായി കുടിവെള്ള പദ്ധതിയുടെ ഭാഗമായി ജലവിതരണത്തിന് സ്ഥാപിച്ച പഴയ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് നടപടിയായില്ല. ഉണ്ണികുളം പഞ്ചായത്തിലെയും പരിസരങ്ങളിലെയും അയ്യായിരത്തിലേറെ പേര്‍ ആശ്രയിക്കുന്ന പ്രധാന കുടിവെള്ള പദ്ധതിയാണിത്. കാലപ്പഴക്കത്താല്‍ ദ്രവിച്ച പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നത് പതിവു കാഴ്ചയാണ്. അടിക്കടി പൈപ്പ് ലൈന്‍ പൊട്ടുന്നതിനാല്‍ ആഴ്ചകളോളമാണ് ജലവിതരണം മുടങ്ങുന്നത്. വള്ളിയോത്ത്, എസ്റ്റേറ്റ്മുക്ക്, രാജഗിരി, കരിന്തോറ കോളനി തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപകമായി പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങുന്നതായി പരാതി ഉണ്ടാവുന്നത്. മോട്ടോര്‍ തകരാറിലായും ഇവിടെ ജലവിതരണം മുടങ്ങാറുണ്ട്. പൂനൂര്‍ പുഴയുടെ ഭാഗമായ മോകായിക്കല്‍ പ്രദേശത്ത് തടയണ നിർമിച്ച്‌ തൊട്ടടുത്ത കിണറില്‍ സംഭരിച്ചാണ് കരിന്തോറമലയിലെ ടാങ്കിലേക്ക് ഇവിടെയുള്ള പമ്പ്ഹൗസില്‍നിന്ന് വെള്ളം പമ്പ് ചെയ്യുന്നത്. ഇവിടെനിന്ന് പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പ് ലൈനുകള്‍ റോഡിനടിയിലൂടെയാണ് കടന്നുപോകുന്നത്. റോഡ്‌ കീറി പൈപ്പിടുന്നതിന് പി.ഡബ്ല്യു.ഡി പെര്‍മിഷന്‍ ലഭിക്കാത്തതും കരാറുകാരന് ഫണ്ട് നല്‍കാത്തതുമാണ് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിന് തടസ്സമായി അധികൃതര്‍ പറയുന്നത്. പി.ഡബ്ല്യു.ഡിക്ക് പണമടച്ചാല്‍ മാത്രമേ പെര്‍മിഷന്‍ ലഭിക്കുകയുള്ളൂ. ഫണ്ട് ലഭിക്കാത്തത് അതിനും തടസ്സമാവുകയാണ്. നാലു കോടി മൂന്നു ലക്ഷം രൂപ പദ്ധതിക്ക് പാസായിട്ടുണ്ടെങ്കിലും പണം ഇതുവരെ ലഭിച്ചിട്ടില്ല. കരാറുകാരന് ഒരു വര്‍ഷമായി പണം ലഭിക്കാത്തതിനാല്‍ റോഡില്‍ പൈപ്പുകള്‍ ഇറക്കിയിട്ടതല്ലാതെ മറ്റു പണികള്‍ തുടങ്ങിയിട്ടില്ല. ഫണ്ട് ലഭ്യമാക്കാന്‍ തീവ്രശ്രമം നടത്തുന്നതായും ലഭിച്ചാലുടന്‍ പൈപ്പിടല്‍ പ്രവൃത്തി തുടങ്ങുമെന്നും കോഴിക്കോട് വാട്ടര്‍ അതോറിറ്റി അസി. എൻജിനീയര്‍ പ്രകാശന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. അടിക്കടിയുണ്ടാകുന്ന കുടിവെള്ള വിതരണ മുടക്കംമൂലം ഉപഭോക്താക്കള്‍ക്കുണ്ടാവുന്ന പ്രയാസം കണക്കിലെടുത്ത് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഉപഭോക്തൃ സംരക്ഷണസമിതി ഉണ്ണികുളം പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡൻറ് അനില്‍കുമാര്‍ എകരൂല്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നിവേദനം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.