കക്കവാരൽ തൊഴിലാളികളും സഹകരണസംഘങ്ങളും പ്രതിസന്ധിയിൽ

വൈക്കം: കക്കവാരൽ തൊഴിലാളികളും കക്ക സഹകരണസംഘങ്ങളും കടുത്ത പ്രതിസന്ധിയിൽ. തൊഴിലാളികൾ വാരിയ ടൺകണക്കിന് കക്ക കായലോരങ്ങളിലും വീട്ടുപരിസരങ്ങളിലും കുന്നുകൂടിയിരിക്കുകയാണ്. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ഈ മേഖല പ്രതിസന്ധിയിലായി. വ്യവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കക്ക ഇതര സംസ്ഥാനങ്ങളിലേയ്ക്കാണ് കയറ്റി അയച്ചിരുന്നത്. കക്കയേക്കാളും വില കുറഞ്ഞ അസംസ്കൃതവസ്തുകൾ വ്യവസായ സ്ഥാപനങ്ങൾ ഇറക്കുമതി ചെയ്യുന്നതും ഈ പരമ്പരാഗത വ്യവസായ മേഖലയെ പ്രതികൂലമായി ബാധിക്കുന്നു. കൃഷിനിലങ്ങളിൽ പുളിപ്പു കുറക്കാനായി നീറ്റു കക്ക ഇടുന്നതിനായി ചൂളക്കാർ കുറഞ്ഞ അളവിൽ കക്ക കൊണ്ടു പോകുന്നുണ്ട്‌. സർക്കാറിന് റോയൽറ്റിയും മറ്റു നികുതികളും നൽകിയാണ് സഹകരണ സംഘങ്ങൾ കക്ക സംഭരിച്ച് വിപണനം ചെയ്യുന്നത്. ശക്തിയേറിയ മോട്ടോർ ഉപയോഗിച്ചു കായലിൽനിന്ന് അനധികൃതമായി കക്ക വാരുന്ന സ്വകാര്യ ലോബികളെ അധികൃതർ നിയന്ത്രിക്കുന്നില്ലെന്നും കക്കാ സഹകരണ സമിതി ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു.ടി വി പുരം പള്ളിപ്രത്തുശ്ശേരിയിലും വെച്ചൂരും കക്ക സഹകരണ സംഘങ്ങളുടെ കീഴിൽ നൂറുകണക്കിന് തൊഴിലാളികളാണ് പരമ്പരാഗത വ്യവസായത്തെ ആശ്രയിച്ചു ജീവിക്കുന്നത്. 20 കിലോ വരുന്ന ഒരു പാട്ട വലിയ കക്കക്ക് 68 രൂപയും രണ്ട്, മൂന്ന് തരങ്ങൾക്ക് യഥാക്രമം 63, 60 രൂപയാണ് വില. പുലർച്ച മുതൽ ഉച്ചയോളം കായലിൽ പണിതാൽ ഏഴെട്ട് പാട്ടകക്കയാണ് ഒരു തൊഴിലാളിക്ക് ലഭിക്കുന്നത്. കക്ക പുഴുങ്ങി ലഭിക്കുന്ന ഇറച്ചി വിറ്റ് ദൈനംദിന കാര്യങ്ങൾ കഷ്ടിച്ചു നടത്തിയാണ് തൊഴിലാളി കുടുംബങ്ങൾ കഴിഞ്ഞു വരുന്നത്. മഴ കനത്തതോടെ കായലിൽ ഉപ്പിൻെറ അളവു കുറഞ്ഞതോടെ ഇപ്പോൾ വാരിയെടുക്കുന്ന കക്ക ഇറച്ചിയുടെ അളവിലും കുറവുണ്ടായി. മുമ്പ് പത്ത് പാട്ടകക്ക പുഴുങ്ങിയാൽ 16 കിലോ ഇറച്ചി ലഭിച്ചിരുന്നത് ഇപ്പോൾ 10 കിലോയായി കുറഞ്ഞു. വലുപ്പമേറിയ കക്ക ഇറച്ചി കിലോക്ക് 80 രൂപയും ചെറുതിന് 35 രൂപയുമാണ് വില. വലിയ കക്കയുടെ ലഭ്യത കുറവായതിനാൽ വാരുന്നവർക്ക് കഷ്ടിച്ച് ഒന്നോ രണ്ടോ പാട്ട മാത്രമാണ് വലിയ കക്ക ലഭിക്കുന്നത്. കക്ക കയറി പോകാതെ കെട്ടിക്കിടക്കുന്നതും കക്ക ഇറച്ചിയുടെ വിലക്കുറവും തൊഴിലാളികളെ പട്ടിണിയിലാക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.