നഗരസഭ വൈസ് ചെയർപേഴ്സൻ തെരഞ്ഞെടുപ്പ്; കോൺഗ്രസിൽ പൊട്ടിത്തെറി

നഗരസഭ വൈസ് ചെയർപേഴ്സൻ തെരഞ്ഞെടുപ്പ്; കോൺഗ്രസിൽ പൊട്ടിത്തെറി തിരുവല്ല: നഗരസഭ വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസിന് അവകാശപ്പെട്ട വൈസ് ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് അടിയറവ് വെച്ചതില്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധം ശക്തം. കോൺഗ്രസ് പാർട്ടിയെ ഡി.സി.സി പ്രസിഡൻറ് പരസ്യമായി തൂക്കിവിൽക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണവുമായി ഐ വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. ബുധനാഴ്ച നടന്ന തിരുവല്ല നഗരസഭ വൈസ് ചെയർപേഴ്സൻ തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി രൂക്ഷമായിരിക്കുന്നത്. കോൺഗ്രസ് അംഗവും വൈസ് ചെയർ പേഴ്സനുമായിരുന്ന അനു ജോർജ് രാജിവെച്ചൊഴിഞ്ഞ സീറ്റിലേക്ക് കോൺഗ്രസ് പാർലമൻെററി പാര്‍ട്ടി തീരുമാനപ്രകാരം കോണ്‍ഗ്രസിലെ തന്നെ സുജ മാത്യുവിന് വോട്ട് ചെയ്യണമെന്നുകാട്ടി ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് അംഗങ്ങൾക്ക് വിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ചില ഒത്തുകളിയിലൂടെ പറഞ്ഞുറപ്പിച്ച വൈസ്‌ ചെയർപേഴ്സൻ സ്ഥാനം സുജ മാത്യുവിന് നഷ്ടമാക്കിയെന്നാണ് ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നത്. കേരള കോണ്‍ഗ്രസിന് ഇപ്പോള്‍ കിട്ടിയ വൈസ് ചെയര്‍മാന്‍ സ്ഥാനം പേമൻെറ് സീറ്റാണെന്ന ആരോപണവും ഉയരുന്നുണ്ട്. തിങ്കളാഴ്ച രാത്രി വിപ്പ് മരവിപ്പിച്ചതായി ഡി.സി.സി പ്രസിഡൻറ് ഫോണിൽവിളിച്ച് അംഗങ്ങളെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ സുജ മാത്യുവിനെ സ്ഥാനാർഥിയായി മത്സരിപ്പിക്കാന്‍ നടത്തിയ നീക്കവും ഡി.സി.സി പ്രസിഡൻറ് തടഞ്ഞു. ബുധനാഴ്ച രാവിലെ10 മണിക്കാണ് കേരള കോണ്‍ഗ്രസിലെ റീന മാത്യു ചാലക്കുഴിക്ക് വോട്ട് ചെയ്യണമെന്നുള്ള ഡി.സി.സി നിര്‍ദേശം കോൺഗ്രസ് അംഗങ്ങൾക്ക് ലഭിച്ചത്. തുടര്‍ന്ന് എല്ലാ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ ഒപ്പും ഡി.സി.സി നിര്‍ബന്ധപൂർവം വാങ്ങി. ഈ ഒപ്പുശേഖരണം വിപ്പ് മരവിപ്പിച്ചെന്നുള്ള ഡി.സി.സി പ്രസിഡൻറിൻെറ വാക്കാലുള്ള നിര്‍ദേശത്തിനെതിരെ പരാതി പോകാതിരിക്കാനുള്ള മുന്‍കരുതലായിരുന്നുവെന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിൻെറ ആരോപണം. വൈസ് ചെയർപേഴ്സൻ സ്ഥാനം കോൺഗ്രസിന് നഷ്ടമായ സാഹചര്യം സംബന്ധിച്ച് കെ.പി.സി.സി അന്വേഷിക്കണമെന്ന ആവശ്യവുമായി ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി രംഗെത്തത്തിയിട്ടുണ്ട്. ഇതിനിടെ കോൺഗ്രസ് പാർട്ടിക്ക് നാണക്കേടുണ്ടാക്കും വിധമുള്ള നീക്കങ്ങൾ നടത്തിയ ഡി.സി.സി പ്രസിഡൻറ് ബാബു ജോർജിനെ കോൺഗ്രസ് ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ 17, 18 വാർഡുകളിൽ ഞായറാഴ്ച നടത്താനിരുന്ന ഭക്ഷ്യകിറ്റ് വിതരണത്തിൻെറ ഉദ്ഘാടക സ്ഥാനത്തുനിന്ന് നീക്കിയതായി പ്രസിഡൻറ് അജി തമ്പാൻ, ബ്ലോക്ക് പ്രസിഡൻറുമായ രതീഷ് പാലിയിൽ, ബിജി മോൻ ചാലാക്കേരി എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.