ഡാനി കുട്ടി ഡേവിഡ്: മലയോര നാട്ടിലെ വോളിബാൾ ഇതിഹാസം

കോന്നി: മലയോര നാട്ടിൽ വോളിബാളിൻെറ ഇതിഹാസ താരമായിരുന്നു കായികലോകത്തോട് വിടപറഞ്ഞ ഏഷ്യാഡ് താരം ഡാനി കുട്ടി ഡേവിഡ്. കുട്ടിക്കാലത്ത് പൂങ്കാവ് ചന്ത മൈതാനത്ത് നെറ്റ് കെട്ടി വോളിബാൾ കളിച്ചുതുടങ്ങിയ ഡാനി കുട്ടിച്ചായെന പൂങ്കാവ് മല്ലശ്ശേരിക്കാർക്ക് മറക്കാൻ കഴിയുകയില്ല. കോന്നി വോളിബാൾ എന്നാൽ ഡാനി കുട്ടിതന്നെയായിരുന്നു. ഇദ്ദേഹത്തിൻെറ വേർപാട് കേരള വോളിക്ക് നികത്താൻ കഴിയാത്ത നഷ്ടംതന്നെയാണ്. ഒപ്പം പ്രമാടത്തിനും. പ്രമാടത്ത് പൂങ്കാവിൽ ഇൻഡോർ സ്റ്റേഡിയം യാഥാർഥ്യമായപ്പോൾ ഏറെ സന്തോഷിച്ചത് ഈ വോളിബാൾ ഇതിഹാസമായിരുന്നു. തുടർന്ന് സ്റ്റേഡിയം ഉദ്ഘാടനത്തോട് അനുബന്ധിച്ച് തുടങ്ങിയ വോളിബാൾ മാമാങ്കം ഏറ്റവും ഒടുവിൽ അവസാനിച്ച ദേശീയ അന്തർദേശീയ മത്സരങ്ങളിൽ വരെ നെടുനായകത്വം വഹിച്ചത് ഡാനി കുട്ടിയായിരുന്നു. 2013ൽ സന്തോഷ് ട്രോഫി മത്സരങ്ങൾ ഇൻറർ ക്ലബ് ചാമ്പ്യൻഷിപ്പായി പുനരാരംഭിച്ചപ്പോൾ ഉദയകുമാറിൻെറ ബലികുടീരത്തിൽനിന്ന് ആരംഭിച്ച ദീപശിഖ പ്രയാണത്തിലും മല്ലപ്പള്ളിയിൽനിന്ന് ഏലിയാമ്മയുടെ നേതൃത്വത്തിൽ ആരംഭിച്ച ദീപശിഖ റാലിയിലും ഡാനി കുട്ടി എന്ന വോളിബാളിലെ ഡിഫൻഡർ മുന്നിൽ നിന്ന് നയിച്ചു. ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വോളിബാൾ മത്സരങ്ങളിൽ ഒരോ മത്സരങ്ങളുടെയും ഗതിവിഗതികൾ കൃത്യമായി നീരീക്ഷിച്ചിരുന്ന ഡാനി കുട്ടിയുടെ വിയോഗം വോളിബാൾ പ്രേമികൾക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. കോഴഞ്ചേരി സൻെറ് തോമസ് കോളജിൻെറ വോളിബാൾ ടീമിൻെറ അമരക്കാരനായി തുടക്കം കുറിച്ച ഡാനി കുട്ടി നിരവധി ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ കേരളത്തിനുവേണ്ടി ജഴ്സിയണിച്ചിട്ടുണ്ട്. '85ൽ കേരളം ദേശീയ ചാമ്പ്യൻമാരായപ്പോൾ അമരക്കാരനായി നിന്നത് ഡാനി കുട്ടി ഡേവിഡായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.