സിമിയുടെ മരണം: തകർന്നത്​ ഒരു കുടുംബത്തി​െൻറ പ്രതീക്ഷ

സിമിയുടെ മരണം: തകർന്നത് ഒരു കുടുംബത്തിൻെറ പ്രതീക്ഷ തിരുവല്ല: സ്വന്തമെന്ന് പറയാൻ ഒരുപിടി മണ്ണ്. കയറിക്കിടക്കാനൊരു വീട്. മക്കളുടെ ഉപരിപഠനം. ഇങ്ങനെ ഒരു കുടുംബത്തിൻെറ നൂറായിരം സ്വപ്നങ്ങൾ പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സിമി ജോർജ് (45) മൂന്നുവർഷം മുമ്പ് സൗദിയിലെ ജിദ്ദയിലേക്ക് വിമാനം കയറിയത്. പക്ഷേ, ആ മോഹങ്ങളെല്ലാം കൊറോണയെന്ന ഭീകരൻ ഞൊടിയിടകൊണ്ട് തട്ടിയെടുത്തപ്പോൾ പൊലിഞ്ഞത് ഒരു കുടുംബത്തിൻെറതന്നെ പ്രതീക്ഷകൾ. കോവിഡ് ബാധിച്ച് ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങിയ തിരുവല്ല കോട്ടത്തോട് പരിയാരത്ത് വീട്ടിൽ സുരേഷ് ആനന്ദിൻെറ ഭാര്യ സിമി ജോർജിൻെറ അപ്രതീക്ഷിത മരണമാണ് ഒരു കുടുംബത്തിൻെറയും നാടിൻെറ മുഴുവനുമായ വേദനയായി മാറുന്നത്. കുടുംബസുഹൃത്ത് വഴിയാണ് മൂന്നുവർഷം മുമ്പ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ സ്വീപ്പർ തസ്കയിലേക്ക് സിമിക്ക് ജോലിലഭിച്ചത്. ജിദ്ദയിലേക്ക് പോകുംവരെ തിരുവല്ല നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഫോട്ടോസ്റ്റാറ്റ് കോപ്പി എടുത്തുനൽകുന്ന ജോലിയായിരുന്നു. ജിദ്ദയിലേക്ക് പോയശേഷം ആദ്യമായി അവധിക്ക് നാട്ടിൽവന്ന സിമി 2019 മാർച്ച് 12നാണ് തിരികെപ്പോയത്. അടുത്ത വരവിനുമുമ്പെങ്കിലും സ്വന്തമായി രണ്ടുസൻെറ് ഭൂമിയെങ്കിലും വാങ്ങി അതിലൊരു ചെറിയ വീട് വെക്കാമെന്ന ആഗ്രഹം പങ്കുവെച്ചാണ് സിമി മടങ്ങിയതെന്ന് ബന്ധുക്കൾ വിതുമ്പലോടെ ഓർക്കുന്നു. ചങ്ങനാശ്ശേരി കുറിച്ചി പുത്തൻപറമ്പിൽ ജോർജ്‌-മേരി ദമ്പതികളുടെ മകളാണ്. മക്കളായ സനിക എസ്.ആനന്ദ് കോട്ടയം സി.എം.എസ് കോളജിലെ മൂന്നാം വർഷ ബി.എസ്.സി വിദ്യാർഥിനിയും മകൻ റിച്ചു എസ്.അനന്ദ്‌ കോട്ടയം സി.എം.എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയുമാണ്. സിമിയുടെ സംസ്കാരം ജിദ്ദയിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.