കോട്ടയത്ത്​ മൂന്നുപേര്‍ക്കുകൂടി കോവിഡ്; എല്ലാവരും വിദേശത്തുനിന്നെത്തിയവർ

കോട്ടയം: പ്രസവശുശ്രൂഷയിലിരുന്ന യുവതിയടക്കം വിദേശത്തുനിന്നെത്തിയ മൂന്നുപേർക്കുകൂടി കോട്ടയം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു. ക്വാറൻറീൻ കേന്ദ്രങ്ങളിലായിരുന്ന ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 19 ആയി. ചങ്ങനാശ്ശേരി മാമ്മൂട് സ്വദേശിനി (29), വാഴൂര്‍ കൊടുങ്ങൂര്‍ സ്വദേശി (27), ചങ്ങനാശ്ശേരി വെരൂര്‍ സ്വദേശി (29) എന്നിവർക്കാണ് വ്യാഴാഴ്ച രോഗം കണ്ടെത്തിയത്. ചങ്ങനാശ്ശേരി മാമ്മൂട് സ്വദേശിനി മേയ് 12നാണ് ദമ്മാമിൽനിന്ന് എത്തിയത്. തൊട്ടടുത്ത ദിവസം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇവർ പ്രസവിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റിവായതിനെത്തുടര്‍ന്ന് േമയ് 19ന് ഇവരെ ഡിസ്ചാർജ് ചെയ്തു. എന്നാൽ, രണ്ടാമത്തെ പരിശോധനയിൽ ഇവർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ 17ന് അബൂദബിയില്‍നിന്ന് എത്തിയ ചങ്ങനാശ്ശേരി വെരൂര്‍ സ്വദേശി ഗാന്ധിനഗറിലെ ക്വാറൻറീന്‍ കേന്ദ്രത്തിലായിരുന്നു. വാഴൂര്‍ കൊടുങ്ങൂര്‍ സ്വദേശി 19ന് സൗദി അറേബ്യയിലെ ദമ്മാമില്‍നിന്നാണ് എത്തിയത്. ഇയാളും ഗാന്ധിനഗറിലെ ക്വാറൻറീന്‍ കേന്ദ്രത്തിലായിരുന്നു. ഇവരെയെല്ലാം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.