തൊഴിലുറപ്പ് പദ്ധതി: മെറ്റീരിയല്‍ ഫണ്ട് ലഭിക്കുന്നതില്‍ കാലതാമസമെന്ന്

കോട്ടയം: തൊഴിലുറപ്പ് പദ്ധതി മെറ്റീരിയല്‍ ഫണ്ട് ലഭിക്കുന്നതില്‍ കാലതാമസമെന്ന് തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ. കേ ന്ദ്രസഹായത്തോടെ ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികളുടെ നിര്‍വഹണ പുരോഗതി അവലോകനയോഗത്തിലാണ് പരാതി. മെറ്റീരിയല്‍ ഫണ്ട് ഇനത്തിൽ മാത്രം 10 കോടിയോളം രൂപ ജില്ലക്ക് ലഭിക്കാനുണ്ട്. ഇതുമൂലം പദ്ധതി നടത്തിപ്പിലുണ്ടാകുന്ന പ്രശ്നങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധയിൽപെടുത്തുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച തോമസ് ചാഴികാടന്‍ എം.പി അറിയിച്ചു. നടപ്പുസാമ്പത്തിക വര്‍ഷം 27,00,003 തൊഴില്‍ ദിനങ്ങള്‍ ലക്ഷ്യമിടുന്ന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഇതുവരെ 55,185 കുടുംബങ്ങള്‍ക്ക് 18,47,469 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. കേന്ദ്ര പദ്ധതി നടത്തിപ്പിനു തടസ്സമുണ്ടായാല്‍ അതത് എം.പിമാരുടെ ശ്രദ്ധയിൽപെടുത്തണം. പദ്ധതി പുരോഗതി വിലയിരുത്തുന്നതിന് ബ്ലോക്കുതലത്തില്‍ സംവിധാനം ഉണ്ടാക്കും. വ്യക്തിഗത പദ്ധതികളായ പശുത്തൊഴുത്ത്, ആട്ടിന്‍കൂട്, കേമ്പാസ്റ്റ് പിറ്റ്, കിണര്‍, സോക്പിറ്റ് എന്നിവയുടെ നിര്‍മാണം നടന്നുവരുന്നു. നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന 45 അംഗൻവാടികളില്‍ ആറെണ്ണം പൂര്‍ത്തീകരിച്ചു. 25 എണ്ണം നിര്‍മാണത്തിൻെറ വിവിധ ഘട്ടങ്ങളിലാണ്. കുടുംബശ്രീക്ക് ഈ വര്‍ഷം ലഭിച്ച 1.66 കോടിയില്‍ 1.56 കോടി വിനിയോഗിച്ചു. സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിക്ക് ലഭിച്ച 82 ലക്ഷം രൂപയില്‍ 28 ലക്ഷം രൂപയുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു. വിനോദസഞ്ചാര സാധ്യതയുള്ള പ്രദേശങ്ങളിലും പഞ്ചായത്തുകളിലെ പൊതു ഇടങ്ങളിലും പൊതുശൗചാലയങ്ങള്‍ നിര്‍മിക്കണമെന്നും പ്രധാന മന്ത്രി ഗ്രാമസഡക് യോജനയില്‍ ഉള്‍പ്പെടുത്തേണ്ട കൂടുതല്‍ റോഡുകളുടെ പട്ടിക ഉടന്‍ ലഭ്യമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കലക്ടര്‍ പി.കെ. സുധീര്‍ ബാബു, കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി അമീര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.എസ്. ഷിനോ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.