എൻ.എസ്​​.എസിനെതിരായ പരാതിയിൽ അന്വേഷണം തുടരുന്നു -​ടിക്കാറാം മീണ

കോട്ടയം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ ജാതി പറഞ്ഞ് എൻ.എസ്.എസ് വോട്ടുതേടിയെന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. ജില്ല തെരഞ്ഞെടുപ്പ്‌ ഓഫിസറായ കലക്ടറും ഡി.ജി.പിയും പരാതി പരിശോധിച്ചുവരുകയാണ്‌. ഇവരുടെ റിപ്പോർട്ട്‌ കിട്ടിയശേഷമായിരിക്കും തുടർ നടപടിയെന്നും അദ്ദേഹം കോട്ടയം പ്രസ്ക്ലബിൻെറ മീറ്റ് ദ പ്രസിൽ പറഞ്ഞു. എൻ.എസ്.എസിൻെറ വക്കീൽ നോട്ടീസ് ലഭിച്ചു. അതിന് മറുപടി നൽകുകയും ചെയ്തു. കേരള കോൺഗ്രസ്‌ എമ്മിൻെറ ചിഹ്നവും പേരും സംബന്ധിച്ചുള്ള തർക്കത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷനാണ് തീരുമാനമെടുക്കേണ്ടത്. കമീഷന്‌ മുന്നിൽ ഇരുവിഭാഗവും തങ്ങളുടെ വാദങ്ങൾ അവതരിപ്പിക്കുന്നതിെനാടുവിലാകും തീരുമാനം. ഇതുസംബന്ധിച്ചുള്ള കോടതിവിധികളും കമീഷൻ പരിശോധിക്കും. കോടതിയെ സമീപിക്കുന്നുതിനുമുമ്പ് തെരഞ്ഞെടുപ്പ് കമീഷനെ പരാതിയുമായി സമീപിച്ചിരുന്നെങ്കിൽ വേഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമാകുമായിരുന്നു. പാർട്ടി ഭരണഘടനയനുസരിച്ചാകും തീരുമാനം. ചെയർമാനില്ലെങ്കിൽ അധികാരം വർക്കിങ്‌ ചെയർമാനാണെന്ന് പാർട്ടിയുടെ ഭരണഘടനയിൽ പറയുന്നുണ്ട്. പാലാ ഉപതെരഞ്ഞെടുപ്പ് സമയത്ത് ഇത് കണക്കിലെടുത്തായിരുന്നു തീരുമാനം. ജനപ്രതിനിധികൾ ആ സ്ഥാനം രാജിവെച്ച് ഉപതെരഞ്ഞെടുപ്പുകളിൽ മത്സരിക്കണമോയെന്ന കാര്യത്തിൽ രാഷ്ട്രീയ പാർട്ടികളാണ് തീരുമാനമെടുക്കേണ്ടത്. തെരഞ്ഞെടുപ്പ്‌ ചെലവുകൾ കുറക്കാൻ ഇത്തരം തീരുമാനങ്ങളെ നിരുത്സാഹപ്പെടുത്തുന്നതാണ് നല്ലത്. ഈ മാസം 25ന്‌ സംസ്ഥാനത്തെ വോട്ടർ പട്ടികയുടെ കരട്‌ പ്രസിദ്ധീകരിക്കും. തിരുത്തലുകളോ കൂട്ടിച്ചേർക്കലുകളോ വരുത്താൻ ഡിസംബർ 25 വരെ സമയം നൽകും. ജനുവരി 20ന്‌ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. സ്വന്തം ജില്ല വിട്ട്‌ ജോലി ചെയ്യേണ്ടിവരുന്ന മാധ്യമപ്രവർത്തകർക്ക്‌ പോസ്‌റ്റൽവോട്ട്‌ ഏർപ്പെടുത്തുന്നത്‌ തെരഞ്ഞെടുപ്പ്‌ കമീഷൻെറ ശ്രദ്ധയിൽപെടുത്തും. നിഷ്‌പക്ഷവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ്‌ നടത്തുേമ്പാൾ മിണ്ടാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.