തീർഥാടന നാളുകൾ തൊട്ടടുത്ത്​; പരിമിതികളുടെ പാളത്തിൽ കോട്ടയം റെയിൽവേ സ്​റ്റേഷൻ

കോട്ടയം: വിളിപ്പാടകലെ ശബരിമല സീസൺ എത്തിയിട്ടും പരിമിതികൾ നിറഞ്ഞ് കോട്ടയം റെയിൽവേ സ്റ്റേഷൻ. 20 കോടിയുടെ വികസനം പ്രഖ്യാപിച്ചെങ്കിലും പല പദ്ധതികളും പാതിവഴിയിലാണ്. യാത്രക്കാർക്ക് ഏറ്റവുമധികം പ്രയോജനം കിേട്ടണ്ട ബഹുനില പാർക്കിങ് സമുച്ചയത്തിൻെറ പണിയും ഏങ്ങുമെത്തിയില്ല. നിർമാണജോലികൾ പുരോഗമിക്കുന്നുണ്ടെങ്കിലും ശബരിമല സീസണിൽ അത് ഉപയോഗിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. തീർഥാടകരുടെയും യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഗുഡ്സ് ഷെഡ് റോഡിന് സമീപം രണ്ടാമതൊരു പ്രവേശനകവാട പദ്ധതിയും കടലാസിലൊതുങ്ങി. പ്രവേശനകവാടം ഉൾപ്പെടുന്ന പ്രധാന കെട്ടിടത്തിൻെറ മേൽക്കൂര മാറ്റി വശങ്ങളിലെ ചുമരുകൾ ലാറി ബേക്കർ നിർമിതി മാതൃകയിൽ ഇഷ്ടിക ഉപയോഗിച്ച് നവീകരിക്കുന്ന ജോലികളും ഇഴഞ്ഞാണ് നീങ്ങുന്നത്. കേരളത്തനിമയിൽ സ്റ്റേഷൻെറ മുഖംമിനുക്കുകയാണ് ലക്ഷ്യം. ഇതിന് പഴയ കെട്ടിടത്തിൻെറ തടിനിർമിത മേൽക്കൂര മാറ്റി ഇരുമ്പുകഴുക്കോൽ ഘടിപ്പിക്കലാണ് നടക്കുന്നത്. അഞ്ചുമാസത്തിനകം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് നിർമാണം തുടങ്ങിയ ബഹുനില പാർക്കിങ് സമുച്ചയം, പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടർ നവീകരണം, പ്ലാറ്റ്ഫോമുകളുടെ പുനരുദ്ധാരണം, പഴയ നടപ്പാത മാറ്റി യന്ത്രപ്പടികൾ സ്ഥാപിക്കുക തുടങ്ങിയവയാണ് അവശേഷിക്കുന്നത്. ശബരിമല സീസണിൽ തീർഥാടകരടക്കം ആശ്രയിക്കുന്ന സ്റ്റേഷനിൽ പാർക്കിങ് വലിയ തലവേദനയായി മാറും. നേരേത്ത വാഹനങ്ങൾ പാർക്ക് ചെയ്ത സ്ഥലത്താണ് ബഹുനില പാർക്കിങ് സമുച്ചയ നിർമാണം. കുടുംബശ്രീക്കാരുടെ േമൽനോട്ടത്തിൽ നടത്തുന്ന പാർക്കിങ് സംവിധാനത്തിൽ ഇരുചക്രവാഹനങ്ങളടക്കം നിറഞ്ഞിരിക്കുകയണ്. ഇതോടെ, കാറുകളടക്കമുള്ളവ വഴിയോരത്തും റെയിൽവേ ക്വാർട്ടേഴ്സിന് മുന്നിലും മുള്ളൻകുഴി പാലത്തിന് സമീപവുമാണ് അലക്ഷ്യമായി പാർക്ക് ചെയ്യുന്നത്. സീസൺ തുടങ്ങിയാൽ കെ.എസ്.ആർ.ടി.സി അടക്കമുള്ള വാഹനങ്ങൾ സഞ്ചരിക്കുന്ന ഇടുങ്ങിയ വഴിയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടും. മണ്ഡലകാലത്ത് മാത്രം കോട്ടയം റെയിൽവേ സ്റ്റേഷനിൽ ആറുലക്ഷം പേർ എത്തുന്നുവെന്നാണ് പ്രാഥമിക കണക്ക്. പ്രതിദിനം 12,000 പേരും. മണ്ഡലകാലത്ത് തിരക്കേറിയ ദിവസങ്ങളിൽ 40,000 പേർ വരെ എത്തിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലെ തീർഥാടകരിൽ 70 ശതമാനത്തോളം പേരും ട്രെയിനിലാണ് എത്തുന്നത്. മണ്ഡലകാലത്തിന് മുമ്പ് നിലവിലെ ജോലികൾ പൂർത്തിയായില്ലെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. പിൽഗ്രിം സൻെററിൽ തീർഥാടകർക്ക് വിശ്രമ സൗകര്യം, ആവശ്യമായ ശുചിമുറികൾ എന്നിവയുണ്ടാകും. തീർഥാടകരെ സഹായിക്കാൻ വിവിധ ഭാഷകളിലെ ഇൻഫർമേഷൻ കൗണ്ടറുകൾ, ആരോഗ്യ സുരക്ഷക്ക് മെഡിക്കൽ സംഘത്തിൻെറ സേവനം എന്നിവയും സജ്ജമാക്കും. ഇതിനൊപ്പം പൊലീസിൻെറയും ആർ.പി.എഫിൻെറയും സുരക്ഷയും വർധിപ്പിക്കും. കെ.എസ്.ആർ.ടി.സി ബസുകൾക്ക് പ്രവേശന കവാടത്തിന് മുന്നിൽനിന്ന് സർവിസ് ആരംഭിക്കാൻ സൗകര്യവും ഒരുക്കും. തീർഥാടനകാലത്ത് പമ്പ, എരുമേലി എന്നിവിടങ്ങളിലേക്ക് 35 ബസ് സർവിസ് നടത്തും. ആദ്യഘട്ടത്തിൽ 25 ബസും തിരക്കേറുന്നതിനുസരിച്ച് അധികമായി 10 ബസും കൂടിയെത്തും. നിർമാണം പുരോഗമിക്കുന്ന ബഹുനില പാർക്കിങ് സമുച്ചയം കോട്ടയം: റെയിൽവേ സ്േറ്റഷനിൽ അലക്ഷ്യമായ വാഹന പാർക്കിങ് വലിയ തലവേദനയായതോടെയാണ് 1.65 കോടി മുടക്കി ബഹുനില പാർക്കിങ് സമുച്ചയമെന്ന ആശയത്തിലേക്ക് വഴിമാറിയത്. പ്രധാനമായും ഇരുചക്രവാഹനങ്ങൾ പാർക്ക്‌ ചെയ്യാനുള്ള സ്ഥലപരിമിതി മൂലമാണ്‌ പുതിയ സംവിധാനമൊരുക്കുന്നത്‌. 2000 ചതുശ്രയടിയിൽ മൂന്നുനിലയിലാണ് കെട്ടിടം ഉയരുന്നത്. വാഹനം ഓടിച്ചുകയറാവുന്ന റാമ്പുകൾ മൂന്നുനിലകളുമായി ബന്ധിപ്പിക്കും. റെയിൽവേ സ്റ്റേഷനിൽനിന്ന് ഒന്നാം നിലയിലേക്കും രണ്ടാം നിലയിലേക്കും നേരിട്ട് പ്രവേശിക്കും. ഭാവിയിൽ അഴിച്ചുമാറ്റാൻ കഴിയുന്ന രീതിയിൽ ഇരുമ്പു ഗൾഡറുകളും ഷീറ്റുകളും ഉപയോഗിച്ചാണ് നിർമാണം പുരോഗമിക്കുന്നത്. ബാക്കി ഭാഗങ്ങളിൽ സാധാരണപോലെ പാർക്കിങ് തുടരാമെന്നതാണ് സവിശേഷത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.