മേയറെ മാറ്റണമെന്ന ആവശ്യം: ഇന്ദിര അനുസ്​മരണത്തിനിടെ ഡി.സി.സി ഓഫിസിൽ കൈയാങ്കളി

കൊച്ചി: ഇന്ദിര ഗാന്ധി അനുസ്മരണം നടക്കുന്നതിനിടെ ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ ൈകയാങ്കളി. കൊച്ചി മേയറെ മാറ്റുന്നതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. കെ.വി. തോമസ്, കെ. ബാബു, ഡൊമിനിക് പ്രസേൻറഷന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ബഹളം. സംഭവം വിവാദമായതോടെ ൈകയാങ്കളി നടത്തിയ പാർട്ടി ബ്ലോക്ക് വൈസ് പ്രസിഡൻറ് നോര്‍മന്‍ ജോസഫിനെ ഡി.സി.സി പ്രസിഡൻറ് സസ്‌പെൻഡ് ചെയ്തു. മേയർ സൗമിനി ജയിനിനെ മാറ്റണമെന്നാവശ്യപ്പെട്ട് നോര്‍മന്‍ ജോസഫ് രംഗത്തെത്തിയതാണ് ചടങ്ങ് അലങ്കോലമാക്കിയത്. അനുസ്മരണ ചടങ്ങില്‍ എന്‍. വേണുഗോപാല്‍ സംസാരിച്ച് കഴിഞ്ഞ ഉടനെയാണ് അപ്രതീക്ഷിതമായി നോര്‍മന്‍ ജോസഫ് മേയറെ ഉടന്‍ മാറ്റണമെന്നാവശ്യപ്പെട്ടത്. ഈ മേയറെ വെച്ചുകൊണ്ട് ഇനിയും മുന്നോട്ട് പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ചടങ്ങില്‍ പങ്കെടുത്തവരെല്ലാം സ്തബ്ധരായി. ഇയാളെ പിടിച്ച് മാറ്റാന്‍ മറ്റുനേതാക്കള്‍ ശ്രമിച്ചപ്പോള്‍ അവരെ തള്ളി മാറ്റുകയായിരുന്നു. തുടര്‍ന്ന് ആക്രോശവും ഉന്തും തള്ളുമായി. അതേസമയം, സ്ഥലം കൈയേറിയതുമായി ബന്ധപ്പെട്ട ആരോപണത്തിൽ നോർമൽ ജോസഫിനെതിരെ മേയർ സ്വീകരിച്ച നടപടിയാണ് പ്രകോപനത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. മേയറെ മാറ്റാൻ കൊച്ചിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ നേരത്തേ കെ.പി.സി.സിയെ സമീപിച്ചിരുന്നു. മേയറെ മാറ്റിയില്ലെങ്കിൽ എറണാകുളത്തെ കോൺഗ്രസിൻെറ അവസ്ഥ പരുങ്ങലിലാകുമെന്ന് യു.ഡി.എഫ് കൺവീനർ അടക്കം നേതാക്കൾ ബുധനാഴ്ച കെ.പി.സി.സിയിൽ ചേർന്ന രാഷ്ട്രീയ കാര്യസമിതിയിൽ ഉന്നയിച്ചിരുന്നു. ഹൈബി ഈഡന്‍ എം.പിയും മറ്റും സൗമിനി ജയിനിനെതിരെ പരസ്യമായി രംഗത്ത് വരുകയും ചെയ്തു. എന്നാല്‍, ഒരുവിഭാഗം കൗണ്‍സിലര്‍മാര്‍ സൗമിനിക്ക് അനുകൂലമായി നിലയുറപ്പിച്ചതോടെ കാര്യങ്ങൾ വഷളായി. മേയർ മാറ്റം സംബന്ധിച്ച തീരുമാനം കെ.പി.സി.സി പ്രസിഡൻറിൻെറ അന്തിമതീരുമാനത്തിന് വിട്ടിരിക്കുകയാണ്. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.