നാടോടികൾ വിൽക്കുന്ന കളിമൺ തവയെച്ചൊല്ലി സമൂഹമാധ്യമത്തിൽ പൊരിഞ്ഞ യുദ്ധം

വടശേരിക്കര: . ജില്ലയിലെ ഒട്ടുമിക്ക തെരുവുകളിലും വഴിയോരങ്ങളിലും ഇതര സംസ്ഥാനക്കാരായ നാടോടികൾ വിൽപന നടത്തുന്ന കളിമൺ തവ റെഡ് ഓക്സൈഡ് പൂശിയ കൃത്രിമ തവയെന്ന് ആക്ഷേപം ഉയർത്തി ഒരുവിഭാഗം ഫേസ്ബുക്ക്, വാട്സ്ആപ് തുടങ്ങിയ നവമാധ്യമങ്ങളിൽകൂടി രംഗത്തുവന്നിരുന്നു. ഇതിനെതിരെ വഴിയോരക്കച്ചവടക്കാരെ അനുകൂലിച്ച് മറ്റൊരു വിഭാഗവും രംഗത്ത് വന്നതോടെ വിവാദം കനത്തു. ഒരാഴ്ച മുമ്പ് വരെ ജില്ലയുടെ വിവിധ കോണുകളിൽ തവ കച്ചവടം സജീവമായിരുന്നു. രാജസ്ഥാനിൽനിന്ന് വന്നവരാണ് കച്ചവടക്കാരെന്ന് പറയപ്പെടുന്നു. റോഡിൻെറ വശങ്ങളിൽ തട്ട് സ്ഥാപിച്ചും വാഹനങ്ങളിലുമായി ഇവർ ചുരുങ്ങിയ സമയംകൊണ്ട് വിറ്റഴിച്ചത് നൂറുകണക്കിന് പാത്രങ്ങളാണ്. കണ്ടാൽ ആരും ഇഷ്ടപ്പെടുന്ന രീതിയിൽ പ്രത്യേക കൈപ്പിടിയും ഇതിനുണ്ട്. കളിമണ്ണിൽ നിർമിച്ച പ്രത്യേക തവക്ക്. 250 രൂപ വില ചോദിക്കുമെങ്കിലും 100 രൂപക്ക് സാധനം കിട്ടും. അടുപ്പിൽ വെച്ച് ചൂടാക്കിയപ്പോൾ രൂക്ഷ ഗന്ധമായിരുന്നെന്നും പിന്നീട് പാത്രത്തിലെ ചുവന്ന കളർ കരിഞ്ഞുമാറിയതായും ഇതിൽ പാകംചെയ്ത് കഴിച്ചവർക്ക് അരുചി അനുഭവപ്പെട്ടെന്നും ഇത്തരം കൃത്രിമ പാത്രങ്ങൾ ആഹാരം പാകം ചെയ്യാൻ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് തവ കച്ചവടത്തെ എതിർത്ത് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടവർ പറയുന്നു. എന്നാല്‍, സാധനങ്ങള്‍ ഇങ്ങനെ നേരിട്ട് ഉപഭോക്താവിന് വിലകുറച്ചു വില്‍ക്കുന്നതോടെ ബിസിനസ് കുറയുമെന്ന ഭയത്തില്‍ ചില വ്യാപാരികള്‍ തുടങ്ങിവെച്ചതാണ് ഈ കുപ്രചാരണം എന്ന് അവകാശപ്പെട്ട് മറ്റൊരു കൂട്ടമാളുകള്‍ ഈ തവയിൽ പാകം ചെയ്തു കഴിക്കുന്നതിൻെറ വിഡിയോ ദൃശ്യങ്ങളുമായി നവമാധ്യമങ്ങൾ വഴി രംഗത്തുവന്നതോടെയാണ് ചൂടേറിയത്. ഇതിനിടെ സംഭവത്തിന് രാഷ്ട്രീയമാനം നൽകാനും ശ്രമം നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.