വെള്ളമില്ല, മുടക്കമില്ലാതെ വാട്ടർ ബിൽ​

കോട്ടയം: നഗരത്തിലടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന കുടിവെള്ള വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ജല അതോറിറ്റിക്ക് ജില്ല വികസന സമിതിയുടെ നിർദേശം. കുടിവെള്ള വിതരണ പൈപ്പുകൾ പൊട്ടിയാൽ സമയബന്ധിതമായി അറ്റകുറ്റപ്പണി പൂർത്തീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയാണ് വിഷയം അവതരിപ്പിച്ചത്. കോട്ടയം നഗരത്തിൽ പല സ്ഥലങ്ങളിലും വാട്ടർ അതോറിറ്റിയുടെ കണക്ഷൻ എടുത്തവർക്ക് കൃത്യമായി വെള്ളം കിട്ടുന്നില്ല. അതേസമയം, പൈപ്പ് പൊട്ടി വെള്ളം നിരന്നൊഴുകുന്നതുമൂലം റോഡ് നശിക്കുകയും ചെയ്യുന്നു. പൈപ്പ് പൊട്ടിയാൽ 24 മണിക്കൂറിനുള്ളിൽ അറ്റകുറ്റപ്പണി നടത്താൻ സംവിധാനമുണ്ടാകണമെന്നും അദ്ദേഹം നിർദേശിച്ചു. വെള്ളം കൃത്യമായി ലഭ്യമാക്കാതെ വൻ തുകയുടെ ബില്ല് നൽകുന്നതു സംബന്ധിച്ച പരാതികൾ അദാലത് നടത്തി പരിഹരിക്കണം. പടിഞ്ഞാറൻ മേഖലയിൽ വേനൽക്കാലത്ത് ജലദൗർലഭ്യമുണ്ടാകാതിരിക്കാൻ മുൻകൂട്ടി തയാറെടുപ്പുകൾ നടത്തണം. ഇറഞ്ഞാൽ പാലത്തിന് ഭീഷണി ഉയർത്തുന്ന മരം മുറിച്ചുമാറ്റാൻ പൊതുമരാമത്ത് വകുപ്പും സോഷ്യൽ ഫോറസ്ട്രി വിഭാഗവും ചേർന്ന് നടപടി സ്വീകരിക്കണം. ഇതിന് ദുരന്തനിവാരണ ഫണ്ട് ലഭ്യമാക്കാനുള്ള സാധ്യത ആരായണം. കോട്ടയം മെഡിക്കൽ കോളജിൽ ആവശ്യത്തിന് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. നടപ്പാത കൈയേറിയുള്ള കച്ചവടം ജില്ലയിൽ വ്യാപകമായിരിക്കുകയാണെന്നും ഇത്തരം കടകൾ ഒഴിപ്പിക്കാൻ പൊതുമരാമത്ത് നിരത്ത് വിഭാഗം ഉടൻ നടപടി സ്വീകരിക്കണമെന്നും ഡോ. എൻ. ജയരാജ് എം.എൽ.എ നിർദേശിച്ചു. പഞ്ചായത്തുകളുടെ അനുമതിയുണ്ടെന്നാണ് ഇത്തരം കച്ചവടക്കാർ അവകാശപ്പെടുന്നത്. ഇവർ പാചകവാതക സിലിണ്ടറുകൾ അനധികൃതമായി ഉപയോഗിക്കുന്നതായും ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നതായും പരാതിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നടപ്പാതകൾ കൈയേറി പ്രവർത്തിക്കുന്ന ഭക്ഷണശാലകൾക്കെതിരെ ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ സമർപ്പിച്ച പരാതി ജില്ല പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യൽ കുളത്തുങ്കൽ സമിതിയുടെ ശ്രദ്ധയിൽപെടുത്തി. പഴയിടം കോസ്വേയുടെ അറ്റകുറ്റപ്പണി ആരംഭിച്ചതായും കോസ്വേക്ക് കൈവരികൾ നിർമിക്കുന്ന ജോലി മഴക്കാലം കഴിഞ്ഞാലുടൻ ആരംഭിക്കുമെന്നും ഡോ. എൻ. ജയരാജ് കഴിഞ്ഞ ജില്ല വികസന സമിതി യോഗത്തിൽ ഉന്നയിച്ച വിഷയത്തിന് പൊതുമരാമത്ത് വകുപ്പ് വിശദീകരണം നൽകി. കാഞ്ഞിരപ്പള്ളി സബ് ആർ.ടി ഓഫിസും പൊൻകുന്നം സബ്ട്രഷറിയും പൊൻകുന്നം മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റാൻ നടപടികൾ അന്തിമഘട്ടത്തിലാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. കോട്ടയം നഗരത്തിൽ പല സ്ഥലങ്ങളിലും രാത്രി വെളിച്ചമില്ലാത്തതു സംബന്ധിച്ച പരാതികൾ കെ.എസ്.ഇ.ബി പരിഹരിക്കാൻ മുനിസിപ്പൽ ചെയർപേഴ്സൻ ഡോ. പി.ആർ. സോന നിർദേശിച്ചു. നാഗമ്പടം പാലം അവസാനിക്കുന്നിടത്ത് റോഡിൽ നിലവിലുള്ള കട്ടിങ് പൊതുമരാമത്ത് വകുപ്പ് നീക്കംചെയ്യണമെന്ന് ഏറ്റുമാനൂർ മുനിസിപ്പൽ ചെയർമാൻ ജോർജ് പുല്ലാട്ട് ആവശ്യപ്പെട്ടു. കോരുത്തോട്-കണ്ടങ്കയം റോഡിന് സമീപം വനാതിർത്തിയിലുള്ള കൃഷിയിടങ്ങളിൽ കാട്ടാനശല്യം ഒഴിവാക്കാൻ നടപടി വേണമെന്ന് ആേൻറാ ആൻറണി എം.പിയുടെ പ്രതിനിധി ബാബു ജോസ് യോഗത്തിൽ ആവശ്യപ്പെട്ടു. എ.ഡി.എം ടി.കെ. വിനീത് അധ്യക്ഷത വഹിച്ചു. ജില്ല പ്ലാനിങ് ഓഫിസർ ടെസ് പി. മാത്യു പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.