താലൂക്ക്​ ആശുപത്രിയിൽ വൈദ്യസഹായം കിട്ടിയില്ല; യുവതി ഓട്ടോയിൽ പ്രസവിച്ചു

കുറവിലങ്ങാട്: പ്രസവവേദനയെ തുടർന്ന് കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച യുവതി ചികിത്സ കിട്ടാതിരുന്നതിനെ തുടർന്ന് ഓട്ടോയിൽ പ്രസവിച്ചു. കുറുപ്പന്തറ ടൗണിലെ കടത്തിണ്ണയിൽ താമസക്കാരായ കുടുംബത്തിലെ യുവതിയെ പ്രസവവേദനയെ തുടർന്ന് ഓട്ടോയിൽ പാലാ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പ്രസവവേദന കലശലായതിനെ തുടർന്ന് ഞായറാഴ്ച രാത്രി 11.30ഓടെ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാൽ, ഗേറ്റ് തുറക്കാതെ തന്നെ ഇവിടെ ഗൈനക്കോളജി വിഭാഗം ഇല്ലെന്നും മറ്റേതെങ്കിലും ആശുപത്രിയിൽ എത്തിക്കാനുമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ നിർദേശം. അടിയന്തര വൈദ്യസഹായം നിഷേധിച്ചതോടെ ഇവർ ആശുപത്രിവിട്ടു. 200 മീറ്റർ പിന്നിട്ട് ചായംമാവ് കാട്ടാമ്പാക്ക് റോഡിലേക്ക് തിരിയുന്ന മൂവാങ്കൽ കവലയിൽെവച്ച് യുവതി ഓട്ടോയിൽ പ്രസവിച്ചു. ഉടൻ ഓട്ടോ ൈഡ്രവർ ആയാംകുടി മോനിപ്പള്ളിയിൽ അനിൽകുമാർ 108 ആംബുലൻസ് സേവനം തേടി. അഞ്ച് മിനിറ്റിനുള്ളിൽ താലൂക്ക് ആശുപത്രി വളപ്പിലുണ്ടായിരുന്ന ആംബുലൻസ് നഴ്സിനൊപ്പം സ്ഥലത്തെത്തി അമ്മയെയും കുഞ്ഞിനെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. പ്രസവ വേദനയെത്തുടർന്ന് എത്തിച്ച യുവതിക്ക് അടിയന്തര വൈദ്യസഹായം നൽകുന്നതിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർക്ക് വീഴ്ചവന്നതായി പ്രാഥമിക അന്വേഷണത്തിൽ മനസ്സിലാക്കിയതായും ഡി.എം.ഒക്ക് റിപ്പോർട്ട് നൽകിയതായും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.