മൂന്നരക്കോടിയുടെ വെള്ളക്കരം കുടിശ്ശിക: പാലാ നഗരസഭക്ക് ജല അതോറിറ്റിയുടെ നോട്ടീസ്

പാലാ: നഗരസഭക്ക് മൂന്നരക്കോടിയുടെ വെള്ളക്കരം കുടിശ്ശിക. ജല അതോറിറ്റി വക 25 കണക്ഷനാണുള്ളത്. കുടിശ്ശികയായ 3,44,35,284 രൂപ ഉടൻ അടക്കണമെന്ന് വാട്ടർ അതോറിറ്റിയിൽനിന്ന് ലഭിച്ച നോട്ടീസ് വിവരം കൗൺസിൽ യോഗത്തിൻെറ അജണ്ടയിൽ ഉൾപ്പെടുത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. രണ്ട് വർഷം മുമ്പും മൂന്നുകോടിയോളം രൂപ കുടിശ്ശിക വന്നിരുന്നു. അന്ന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ഒരുകോടി രൂപ അടക്കാൻ വാട്ടർ അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അത്രയും തുക ഉണ്ടാകാത്തതിനാൽ 25 ലക്ഷം രൂപ മാത്രമേ അന്ന് നഗരസഭ അടച്ചിരുന്നുള്ളൂ. ഇതാണ് ഇപ്പോൾ മൂന്നരക്കോടിയായി വർധിച്ചത്. നഗരസഭ വക എ.സി ഹാൾ, ടൗൺഹാൾ, മുനിസിപ്പൽ ഓഫിസ് എന്നിവിടങ്ങളിലെ വാട്ടർ കണക്ഷനുകളുടെ ഓരോ മാസത്തെയും തുക സ്ഥിരമായി ഇപ്പോൾ അടച്ചുവരുന്നുണ്ട്. എന്നാൽ, കുടിശ്ശിക അടക്കുന്നുമില്ല. പാലാ വലിയപാലത്തിന് സമീപത്തെ ടോയ്‌ലറ്റിൻെറയും ളാലം പാലത്തിന് സമീപത്തെ ടോയ്‌ലറ്റിൻെറയും മീറ്റർ പ്രവർത്തനക്ഷമമല്ലെന്നും വാട്ടർ അതോറിറ്റി അറിയിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു. ഈ വിഷയത്തിൽ എത്രയും വേഗം തീരുമാനം എടുക്കണമെന്നും ആരൊക്കെ വാട്ടർ കണക്ഷൽനിന്ന് വെള്ളമെടുക്കുന്നുണ്ടെന്ന് അറിയിക്കണമെന്നും കൗൺസിലർമാരായ ബിനു പുളിക്കക്കണ്ടം, ബിജു പാലുപടവിൽ, ജോർജുകുട്ടി ചെറുവള്ളിൽ, പ്രഫ. സതീശ് ചൊള്ളാനി എന്നിവർ ആവശ്യപ്പെട്ടു. എത്രയുംവേഗം വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ വിളിച്ചുചേർത്ത് സംയുക്ത പരിശോധന നടത്താനും ഈ വിഷയം അടുത്ത കൗൺസിലിൽ ഒന്നുകൂടി ചർച്ചചെയ്യാനും തിങ്കളാഴ്ച ചേർന്ന കൗൺസിലിൽ തീരുമാനമായി. നഗരസഭ ടൗൺഹാൾ അറ്റകുറ്റപ്പണി നടത്തിയപ്പോൾ അവിടെനിന്ന് നീക്കിയ മുൻ ചെയർമാൻമാരുടെ ഫോട്ടോ യഥാസ്ഥാനത്ത് തിരികെ െവക്കാത്തതിനെപ്പറ്റി ഭരണപക്ഷ കൗൺസിലർ സതീശ് ചൊള്ളാനി ആക്ഷേപം ഉന്നയിച്ചു. എത്രയുംവേഗം ഈ ചിത്രങ്ങൾ തിരികെ വെക്കണമെന്ന ആവശ്യത്തെ പ്രതിപക്ഷ നേതാവ് റോയി ഫ്രാൻസിസും പിന്താങ്ങി. ചിത്രം ഉടന്‍ സ്ഥാപിക്കാന്‍ മുനിസിപ്പല്‍ എൻജിനീയറെ ചുമതലപ്പെടുത്തിയതായി ചെയര്‍പേഴ്‌സൻ ബിജി ജോജോ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.