തിരച്ചിലിന്​ സൈന്യമെത്തി; 50ഓളം പേർ ഇപ്പോഴും മണ്ണിനടിയിൽ

നിലമ്പൂർ: കവളപ്പാറ ഉരുൾപൊട്ടലിൽ മരിച്ചവരിൽ രണ്ട് മൃതദേഹങ്ങൾ രാവിലെയും രണ്ടെണ്ണം വൈകീട്ടുമാണ് കിട്ടിയത്. ദേവയാനിയുടെ മൃതദേഹം കണ്ടെത്തിയ വീട്ടിൽ മകൾ രാഗിണി, മകൻ പ്രിയദർശൻ എന്നിവരുമുണ്ടായിരുന്നു. വൈകീട്ട് വരെ നാട്ടുകാരുടെ നേതൃത്വത്തിൽ ഏറെ പണിപ്പെട്ടെങ്കിലും മൃതദേഹങ്ങൾ കണ്ടെത്താനായില്ല. ദേവയാനിയുടേത് തന്നെ മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് പുറത്തെടുക്കാനായത്. കോൺക്രീറ്റ് വീട് നിലം പൊത്തിയതും അതിന് മുകളിൽ റബർ മരങ്ങളും മണ്ണും വന്നടിഞ്ഞതും തിരച്ചിൽ ദുഷ്കരമാക്കി. 50ഓളം പേർ ഇപ്പോഴും മണ്ണിനടിയിലാണ്. ഇവരെ മുഴുവൻ കണ്ടെത്താനുള്ള സാധ്യത കുറവാണെന്നാണ് അധികൃതർ നൽകുന്ന സൂചന. മുതിരകുളം മുഹമ്മദിൻെറ ഭാര്യയുടെയും രണ്ട് മക്കളുടെയും മൃതദേഹങ്ങൾ ശനിയാഴ്ച പുറത്തെടുത്തിരുന്നു. കവളപ്പാറ മുത്തപ്പൻകുന്നിൻെറ ഒരു ഭാഗം അടർന്ന് വീണ് മൂന്നായി തിരിഞ്ഞാണ് താഴേക്ക് പതിച്ചത്. 40ഓളം വീടുകളാണ് മൺകൂമ്പാരത്തിനടിയിലുള്ളത്. ശനിയാഴ്ച മതിയായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയ ജില്ല ഭരണകൂടം കൂടുതൽ മണ്ണുമാന്തിയും സേനാംഗങ്ങളെയും എത്തിച്ചു. സൈന്യവും കവളപ്പാറയിലെത്തി. മന്ത്രി കെ.ടി. ജലീൽ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ജില്ല കലക്ടർ ജാഫർ മലിക് എന്നിവർ രാവിലെയും സ്ഥലം എം.പി കൂടിയായ രാഹുൽ ഗാന്ധി വൈകീട്ടും കവളപ്പാറയിലെത്തി. mpgma1 നിലമ്പൂർ കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ പെട്ടവരുടെ മൃതദേഹം കൊണ്ടുപോകുന്ന രക്ഷാപ്രവർത്തകർ -മുസ്തഫ അബൂബക്കർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.