റോഡ് സുരക്ഷ കര്‍മ പദ്ധതി റോഡിൽ അഭ്യാസം വേണ്ട; പിടിവീഴും

കോട്ടയം: റോഡുകളും നടപ്പാതകളും കൈയേറിയവർെക്കതിരെ കര്‍ശന നടപടി തുടരുമെന്നും റോഡ് സുരക്ഷ ഉറപ്പാക്കുെമന്നും കലക്ടർ പി.കെ. സുധീര്‍ ബാബു. കോട്ടയം നഗരത്തിലെയും എം.സി റോഡിലെയും താൽക്കാലിക തട്ടുകടകള്‍ അടക്കമുള്ള കൈയേറ്റങ്ങൾ ഒഴിയുന്നതിന് ഒരാഴ്ചത്തെ സമയപരിധി അനുവദിച്ച് നോട്ടീസ് നല്‍കി തുടര്‍നടപടി സ്വീകരിക്കുമെന്ന് റോഡ് സുരക്ഷ കര്‍മ പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. കൈയേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കുന്നതിൻെറ ആദ്യപടിയായാണ് മണര്‍കാട് ബൈപാസിലെയും മെഡിക്കല്‍ കോളജ് പരിസരത്തെയും കടകള്‍ നീക്കം ചെയ്തത്. റോഡുകള്‍ ഗതാഗതത്തിനും നടപ്പാതകള്‍ കാല്‍നടക്കാര്‍ക്കും സുഗമമായി ഉപയോഗിക്കാന്‍ കഴിയുന്ന സാഹചര്യമൊരുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രദ്ധിക്കണം. നാഗമ്പടം പാലത്തിനു സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുന്നതിന് സാധ്യത പരിശോധിക്കും. വശങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍ മറയ്ക്കുന്ന കാടുവെട്ടിത്തെളിക്കാനും ഡ്രൈവര്‍മാരുടെ കാഴ്ചക്ക് തടസ്സമാകുന്ന പരസ്യബോര്‍ഡുകളും മരച്ചില്ലകളും നീക്കം ചെയ്യാനും കലക്ടര്‍ പൊതുമരാമത്ത് വകുപ്പിനു നിര്‍ദേശം നല്‍കി. അപകടസാധ്യത കൂടുതലുള്ള സ്ഥലങ്ങള്‍ കണ്ടെത്തി ബ്ലാക്ക് സ്പോട്ടുകളായി പരിഗണിച്ച് സുരക്ഷ മുന്‍കരുതൽ ശക്തമാക്കുന്നതിനും ട്രാഫിക് സിഗ്നലുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും പൊലീസ് വകുപ്പിനെ ചുമതലപ്പെടുത്തി. ആഗസ്റ്റ് ഒന്ന് മുതല്‍ 31വരെ നടപ്പാക്കുന്ന റോഡ് സുരക്ഷാ കര്‍മ പദ്ധതിയില്‍ ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്ത പരിശോധന ഊർജിതമാക്കും. സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കല്‍, അനധികൃത പാര്‍ക്കിങ്, സ്കൂള്‍ പരിസരത്തെ അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിങ്, സ്കൂള്‍ ബസുകളില്‍ അമിത ഭാരം കയറ്റുന്നത്, വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇരുചക്ര വാഹനങ്ങളില്‍ പിന്നില്‍ യാത്ര ചെയ്യുന്നയാളും ഹെല്‍മറ്റ് ധരിക്കേണ്ടതു സംബന്ധിച്ച് ബോധവത്കരണം നടത്തും. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് തുടരണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. എ.ഡി.എം അലക്സ് ജോസഫ്, ഡിവൈ.എസ്.പി വിനോദ് പിള്ള, ആര്‍.ടി.ഒ വി.എം.ചാക്കോ, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.