കനത്ത മഴ; മലയോരമേഖലയിൽ മണ്ണിടിച്ചിൽ

കോട്ടയം: ജില്ലയിൽ കനത്ത മഴയിൽ ദുരിതം പെയ്തിറങ്ങി. വെള്ളിയാഴ്ച പുലർച്ച മുതൽ ജില്ലയിലെ വിവിധഭാഗങ്ങളിൽ കനത്ത മഴയ ാണ് ലഭിച്ചത്. മീനച്ചിൽ താലൂക്കിലാണ് ഏറെയും നാശനഷ്ടം. ഈരാറ്റുപേട്ട-വാഗമൺ റൂട്ടിൽ കാരികാട് ടോപ്പിൽ മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി. വെള്ളിയാഴ്ച രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്. തിട്ടയിടിഞ്ഞ് ലോഡുകണക്കിന് മണ്ണാണ് റോഡിലേക്ക് വീണത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വാഹനങ്ങള്‍ക്ക് മണിക്കൂറുകള്‍ക്കുശേഷമാണ് കടന്നുപോകാനായത്. പൂഞ്ഞാര്‍ പഞ്ചായത്തില്‍ രണ്ടിടങ്ങളില്‍ വീടുകള്‍ക്ക് നാശമുണ്ടായി. പൂഞ്ഞാറിന് സമീപം റോഡരികിലെ മരം കടപുഴകി ഒരു വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പൂഞ്ഞാര്‍ മറ്റയ്ക്കാട്ട് വീടിൻെറ സംരക്ഷണഭിത്തിയിടിഞ്ഞ് രണ്ട് വീടുകള്‍ അപകടാവസ്ഥയിലായി. മാളിയേക്കല്‍ സുരേഷിൻെറ വീടിൻെറ മുറ്റമാണിടിഞ്ഞത്. തൊട്ടടുത്ത താമസക്കാരനായ ഉപ്പൂട്ടില്‍ ബിജുവിൻെറ മുറ്റത്തേക്കാണ് കല്ലുംമണ്ണും പതിച്ചത്. ഈ വീടും അപകടാവസ്ഥയിലായി. രണ്ടുദിവസമായി തോരാതെ പെയ്യുന്ന മഴയിൽ മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നത് പാലാ ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറുമെന്ന ഭീതി ഉയർത്തിയിട്ടുണ്ട്. മീനച്ചിലാറിൻെറ പലയിടങ്ങളിലും ജലനിരപ്പ് ഉയർന്നത് ആശങ്കപരത്തി. മഴ തുടർന്നാൽ കഴിഞ്ഞവർഷത്തെപ്പോലെ വെള്ളം ഇരച്ചെത്തുമോയെന്ന ഭീതിയിലാണ് ആറ്റുതീരത്തുള്ളവർ. റെഡ് അലർട്ടിനിടെ തിമിർത്തുപെയ്ത മഴയിൽ മീനച്ചിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയർന്നു. മലയോര മേഖലയിലടക്കം ജലക്ഷാമത്തിനും മഴ ആശ്വാസമായി. റബർ ഉൾെപ്പടെ കൃഷിക്കും ‍പ്രയോജനകരമായി. വൈദ്യുതി ഒളിച്ചുകളിച്ചപ്പോൾ ചിലമേഖലകൾ ഇരുട്ടിൻെറ പിടിയിലമർന്നു. മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് വന്നതോടെ സ്ഥിരമായി ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാറുള്ള മേഖലയിലെ ജനങ്ങൾ ഭീതിയിലാണ്. മഴ ശക്തിപ്രാപിച്ചതോടെ കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലാണ്. മലയോര മേഖലയിൽ ഉരുൾപൊട്ടൽ സാധ്യതയുണ്ട്. തീക്കോയി, വെള്ളികുളം, തലനാട്, അടിവാരം, മൂന്നിലവ് മേഖലകളിലാണ് ഉരുൾപൊട്ടൽ സാധ്യത. ഇതുമൂലം മീനച്ചിലാറ്റിലും കൈതോടുകളിലും ജലം ഇരച്ചെത്തിയാൽ സമീപ മേഖലകളിൽ വീണ്ടും വെള്ളപ്പൊക്ക സാധ്യതയുണ്ട്. കൂട്ടിക്കൽ പഞ്ചായത്തിലെ ഇളങ്കാട്, ഏന്തയാർ എന്നിവിടങ്ങളിലും ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നുണ്ട്. ഈ മേഖലകളിൽ ഉരുൾപൊട്ടൽ ഉണ്ടായാൽ പുല്ലകയാർ, മണിമലയാർ വഴി ഒഴുകിയെത്തുന്ന വെള്ളവും വേമ്പനാട്ട് കായലിലിലാണ് എത്തുക. മീനച്ചിലാർ, കൊടൂരാർ, മണിമലയാർ, മൂവാറ്റുപുഴയാർ എന്നിവിടങ്ങളിൽ കുത്തൊഴുക്ക് ശക്തമാണ്. കൈത്തോടുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. പെയ്തിറങ്ങിയത് റെക്കോഡ് കോട്ടയം: വെള്ളിയാഴ്ച ജില്ലയില്‍ പെയ്തത് ഈ സീസണിലെ റെക്കോഡ് മഴ. രാവിലെ വരെയുള്ള 24 മണിക്കൂറില്‍ ജില്ലയില്‍ 83 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ജനുവരി ഒന്ന് മുതല്‍ വെള്ളിയാഴ്ച വരെ ജില്ലയില്‍ 772.2 മില്ലിമീറ്ററും ഈമാസം ഒന്നുമുതല്‍ ഇതുവരെ 286.6 മില്ലിമീറ്ററും മഴയാണ് ലഭിച്ചത്. കഴിഞ്ഞവര്‍ഷം ഇതു യഥാക്രമം 1814 മില്ലിമീറ്ററും 623 മില്ലിമീറ്ററുമായിരുന്നു. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൻെറ മുന്നറിയിപ്പിനെത്തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യം നേരിടാൻ മുഴുവൻ വകുപ്പുകളും സജ്ജരായിരിക്കണമെന്നും നിർദേശമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.