മാലിന്യ സംസ്കരണം: നഗരസഭകളില്‍ മാലിന്യശേഖരണ കേന്ദ്രങ്ങൾ നിര്‍ബന്ധം -കലക്​ടര്‍

കോട്ടയം: ജില്ലയിലെ എല്ലാ നഗരസഭകളിലും ജൈവ, അജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ സജ്ജമാക്കണമെന്നും ഓരോ നഗരസഭയിലും കുറഞ്ഞത് 10 സ്ഥലങ്ങളിലെങ്കിലും മാലിന്യശേഖരണ കേന്ദ്രങ്ങള്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്നും കലക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍ദേശിച്ചു. വാര്‍ഡുകളില്‍ ബോട്ടില്‍ ബൂത്തുകള്‍ ഒരുക്കണം. ഹരിതകര്‍മ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ കൃത്യമായ ഇടവേളകളില്‍ എല്ലാ വീടുകളില്‍നിന്നും അജൈവ മാലിന്യം ശേഖരിക്കണം. ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഇല്ലാത്ത വീടുകള്‍ക്ക് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവ ലഭ്യമാക്കണം. അഞ്ച് സൻെറില്‍ കൂടുതല്‍ സ്ഥലമുള്ളവര്‍ക്ക് അയ്യങ്കാളി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കമ്പോസ്റ്റ് പിറ്റുകള്‍ നിര്‍മിച്ചുനല്‍കണം. പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റുകള്‍ അടിയന്തരമായി പ്രവര്‍ത്തനസജ്ജമാക്കണം. ജലാശയങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുകയോ വലിച്ചെറിയുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും സ്പോട്ട് ഫൈനിങ്ങും രാത്രി സ്ക്വാഡ് പ്രവര്‍ത്തനങ്ങളും ഊര്‍ജിതപ്പെടുത്തുകയും വേണം. മാലിന്യം ഉൽപാദിപ്പിക്കുന്നവരില്‍നിന്ന് മുനിസിപ്പാലിറ്റി നിശ്ചിയിക്കുന്ന യൂസര്‍ ഫീസ് ഹരിതകര്‍മ സേന മുഖേനയോ ഉദ്യോഗസ്ഥര്‍ മുഖേനയോ ശേഖരിക്കുന്നതിന് നടപടി സ്വീകരിക്കണം. കൂടുതല്‍ മാലിന്യം ഉൽപാദിപ്പിക്കുന്നവര്‍ സ്വന്തം നിലയില്‍ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ സ്ഥാപിക്കുകയോ മുനിസിപ്പാലിറ്റിയുടെ പൊതു മാലിന്യ സംസ്കരണ സംവിധാനങ്ങളില്‍ പണംനല്‍കി പങ്കാളികളാവുകയോ വേണം. കെട്ടിട നിര്‍മാണാവശിഷ്ടങ്ങള്‍ ശേഖരിക്കുന്നതിന് പ്രത്യേക സ്ഥലങ്ങള്‍ കണ്ടെത്തണമെന്നും കലക്ടര്‍ നഗരസഭകള്‍ക്ക് നിര്‍ദേശം നല്‍കി. പ്രളയം: കന്നുകാലി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി 1.51 കോടി കോട്ടയം: പ്രളയത്തില്‍ ഉരുക്കളും തൊഴുത്തും നഷ്ടപ്പെട്ട ജില്ലയിലെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 1,51,44,415 രൂപ പ്രളയബാധിത പഞ്ചായത്തുകളിലെ 43 വെറ്ററിനറി സ്ഥാപനങ്ങള്‍ മുഖേന കര്‍ഷകര്‍ക്ക് വിതരണം ചെയ്തതായി ജില്ല മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു. 128 കന്നുകാലികള്‍, 75 എരുമകള്‍, 132 കിടാരികള്‍, 180 കന്നുകുട്ടികള്‍, 1168 ആടുകള്‍, 112 പന്നികള്‍ എന്നിങ്ങനെയാണ് ജില്ലയിലെ നഷ്ടത്തിൻെറ കണക്ക്. കോഴിയും താറാവും ഉള്‍പ്പെടെ 1,99,369 വളര്‍ത്തുപക്ഷികള്‍ നഷ്ടമായവര്‍ക്കും ധനസഹായം നല്‍കി. പ്രളയത്തില്‍ തൊഴുത്ത് നശിച്ച 587 കര്‍ഷകര്‍ക്ക് പുതിയവ നിര്‍മിക്കുന്നതിനും സഹായം ലഭ്യമാക്കിയിട്ടുണ്ട്. 12 ലക്ഷം രൂപ െചലവില്‍ കന്നുകാലികള്‍ക്കായി ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും പ്രളയ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഒന്നരലക്ഷം മുട്ടകള്‍ നാഷനല്‍ എഗ് കോഓഡിനേഷന്‍ കമ്മിറ്റിയുടെ സഹായത്തോടെ വിതരണം ചെയ്യുകയും ചെയ്തിരുന്നു. പ്രളയകാലത്ത് കന്നുകാലി കര്‍ഷകര്‍ക്ക് നല്‍കിയ വിവിധ സഹായങ്ങള്‍ക്ക് പുറമേയാണ് നഷ്ടപരിഹാരം ലഭ്യമാക്കിയത്. 2018 ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ യഥാക്രമം 103350, 179900, 237400 കിലോഗ്രാം വീതം കാലിത്തീറ്റയാണ് വിതരണം ചെയ്തത്. ഈ ഇനത്തില്‍ 1.03 കോടി കേരള ഫീഡ്സിന് ലഭ്യമാക്കിയതായും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.