എൽ.ഡി.എഫ്​ നിർദേശം തള്ളി എൻ.സി.പിയിൽ വീണ്ടും അച്ചടക്ക നടപടി

കോട്ടയം: ഭിന്നതകൾ പരിഹരിക്കണമെന്ന എൽ.ഡി.എഫ് കോട്ടയം ജില്ല നേതൃത്വത്തിൻെറ നിർദേശം തള്ളി എൻ.സി.പിയിൽ വീണ്ടും അ ച്ചടക്ക നടപടി. എൽ.ഡി.എഫ് ജില്ല കമ്മിറ്റിയിൽ പെങ്കടുത്തതിന് സംസ്ഥാന കമ്മിറ്റി അംഗവും കെ.എസ്.എഫ്.ഇ ഡയറക്ടർ ബോർഡ് അംഗവുമായ പി.കെ. ആനന്ദക്കുട്ടനിൽനിന്ന് സംസ്ഥാന പ്രസിഡൻറ് തോമസ് ചാണ്ടി വിശദീകരണം തേടി. മുൻ ജില്ല പ്രസിഡൻറ് ടി.വി. ബേബിയെ സസ്പെൻഡ് ചെയ്തു. എൻ.സി.പി കോട്ടയം ജില്ല ഘടകത്തിൽ നിലനിൽക്കുന്ന ഭിന്നതകളുെട തുടർച്ചയായാണ് തോമസ് ചാണ്ടിയുടെ എതിർചേരിയിലുള്ള നേതാക്കൾക്കെതിരായ നടപടി. ജില്ലയിലെ എൽ.ഡി.എഫ് യോഗങ്ങളിലും മറ്റ് പരിപാടികളിലും പാർട്ടി പ്രതിനിധികളെന്ന നിലയിൽ ഇരുവരെയും പങ്കെടുപ്പിക്കരുതെന്ന് കാട്ടി സംസ്ഥാന പ്രസിഡൻറ് എൽ.ഡി.എഫ് ജില്ല കൺവീനർ പ്രഫ. എം.ടി. ജോസഫിന് കത്തും നൽകിയിട്ടുണ്ട്. കാണക്കാരി അരവിന്ദാക്ഷൻ, സാജു എം. ഫിലിപ്പ്, സുഭാഷ് പുഞ്ചക്കോട്ടിൽ, പി.എ. താഹ എന്നിവരെ എൽ.ഡി.എഫ് യോഗത്തിലേക്ക് ക്ഷണിക്കണമെന്നും കത്തിൽ പറയുന്നു. ജില്ല കമ്മിറ്റിയിൽ അനുമതിയില്ലാതെ പങ്കെടുത്തതിന് മാത്രമല്ല, പാർട്ടിയിൽ വിഭാഗീയത വളർത്താൻ ശ്രമിക്കുന്നതും കണക്കിലെടുത്താണ് ഇരുവർക്കുമെതിരെയുള്ള നടപടിയെന്ന് കോട്ടയം ജില്ല പ്രസിഡൻറ് കണക്കാരി അരവിന്ദാക്ഷൻ പറഞ്ഞു. എന്നാൽ, സസ്പെൻഷനെക്കുറിച്ച് അറിയില്ലെന്നാണ് ടി.വി. ബേബിയുെട നിലപാട്. ആന്ദക്കുട്ടൻ സംസ്ഥാന പ്രസിഡൻറിന് വിശദീകരണം നൽകിയിട്ടുണ്ട്. എൽ.ഡി.എഫ് നേതൃത്വം വിളിച്ചിട്ടാണ് യോഗത്തിൽ പങ്കെടുത്തതെന്നാണ് ഇരുനേതാക്കളും പറയുന്നത്. അച്ചടക്കനടപടിക്കെതിരെ എതിർപ്പുമായി ഒരുവിഭാഗം രംഗത്തുണ്ട്. പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകുന്നതിനുപകരം ഭിന്നിപ്പിക്കുന്ന സമീപമാണ് നേതൃത്വം സ്വീകരിക്കുന്നതെന്ന് ഇവർ കുറ്റപ്പെടുത്തുന്നു. നേരേത്ത ചേർന്ന എൽ.ഡി.എഫ് ജില്ല കമ്മിറ്റിയിൽ പാലാ ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് എൻ.സി.പിയിലെ തർക്കങ്ങൾക്ക് പരിഹാരം കാണണമെന്ന് നിർദേശം നൽകിയിരുന്നു. തർക്കങ്ങളും പുറത്താക്കലുകളും അടിയന്തരമായി അവസാനിപ്പിക്കണമെന്നും പ്രശ്നങ്ങളെല്ലാം പറഞ്ഞുതീർത്ത് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ രണ്ടുപേർക്കെതിരെകൂടി നടപടിയുണ്ടായതിൽ സി.പി.എം ജില്ല നേതൃത്വവും അസംതൃപ്തിയിലാണെന്നാണ് സൂചന. നേരേത്ത പാലായിൽ മാണി സി. കാപ്പനെ എൽ.ഡി.എഫ് അറിയാതെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് എൻ.സി.പിയിൽ കലഹത്തിനും ഇടയാക്കിയിരുന്നു. ഇതിൻെറ തുടർച്ചയായി ആറ് നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയുമുണ്ടായി. അതിനിടെ, സംസ്ഥാനത്തെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ മുതിർന്ന നേതാക്കളെ ചൊവ്വാഴ്ച ദേശീയ അധ്യക്ഷൻ ശരത്പവാർ കാണും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.