തർക്കം എങ്ങനെ പരിഹരിക്കണമെന്നറിയാതെ യു.ഡി.എഫ്​ഇരുപക്ഷവും വിട്ടുവീഴ്​ചക്ക്​ തയാറാകുന്നില്ല

കോട്ടയം: കേരള കോൺഗ്രസിലെ തർക്കം പരിഹരിക്കാൻ കോൺഗ്രസും യു.ഡി.എഫ് നേതാക്കളും സഭനേതൃത്വവും തിരക്കിട്ട ചർച്ചകൾ തുടരുേമ്പാഴും വിട്ടുവീഴ്ചക്ക് വഴങ്ങാതെ മാണി-ജോസഫ് വിഭാഗങ്ങൾ. ചെയർമാൻ സ്ഥാനം വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു ഒത്തുതീർപ്പും വേണ്ടെന്ന ഉറച്ചനിലപാടിലാണ് മാണി പക്ഷം. ഇക്കാര്യം ജോസ് കെ. മാണി എം.പി സമവായ ചർച്ചകൾ നടത്തുന്നവരെ നേരിട്ട് അറിയിച്ചതോടെ ജില്ലകളിൽ ഇരുപക്ഷവും സമാന്തര കമ്മിറ്റികളും രൂപവത്കരിച്ചു തുടങ്ങി. ഫലത്തിൽ ഇരുപാർട്ടിയും താഴേതലത്തിൽ പിളർന്നുകഴിഞ്ഞുവെന്നുതന്നെയാണ് പുറത്തുവരുന്ന റിപ്പോർട്ട്. പലയിടത്തും ജില്ല-മണ്ഡലം കമ്മിറ്റികളുടെ രൂപവത്കരണവും നടക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ ഇടുക്കിയിൽ കേരള കോൺഗ്രസിൻെറ പോഷക സംഘടനകൾ യോഗം ചേർന്ന് മാണി പക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. പിളർപ്പ് വ്യാപകമാക്കാൻ ഇരുപക്ഷത്തിൻെറയും സംസ്ഥാന നേതാക്കളുടെ മൗനപിന്തുണയും താഴെതലത്തിൽ ലഭിക്കുന്നുണ്ട്. മുകൾതട്ടിൽ ചർച്ചയും താഴെതലത്തിൽ പിളർപ്പും എന്നതാണ് മാണി വിഭാഗത്തിൻെറ നയം. ഇനി ജോസഫുമായി ഒരുകൂട്ടുകെട്ടും വേണ്ടെന്ന നിലപാടിലാണ് ബഹുഭൂരിപക്ഷം മാണിക്കാരും. ഇരുവിഭാഗവും ഒന്നിച്ചുപോകണമെന്ന് യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെടുേമ്പാഴും ചെയ‌ർമാൻ സ്ഥാനത്തിൽ വിട്ടുവീഴ്ചക്ക് ഒരുക്കമല്ലെന്ന് മാണി വിഭാഗം ച‌ർച്ചയിൽ പരസ്യമായി വ്യക്തമാക്കിയത് യു.ഡി.എഫിനെയും ഞെട്ടിച്ചു. വീണ്ടും ചർച്ച തുടരുമെങ്കിലും നിലപാട് മാറ്റില്ലെന്ന് മാണി പക്ഷത്തെ സീനിയർ നേതാക്കൾ 'മാധ്യമ'ത്തോട് പറഞ്ഞു. കേരള കോൺഗ്രസിെല പ്രതിസന്ധി ഈനിലയിൽ മുന്നോട്ടുപോയാൽ പാലായടക്കം അടുത്തുനടക്കുന്ന ഉപതെരഞ്ഞടുപ്പിനെപ്പോലും ബാധിക്കുമോയെന്ന ആശങ്കയും യു.ഡി.എഫിനുണ്ട്. അവർ ഇക്കാര്യം ഇരുപക്ഷത്തെയും അറിയിച്ചിട്ടുണ്ട്. ആരും വിട്ടുവീഴ്ചക്ക് തയാറാകാത്ത സാഹചര്യത്തിൽ ചർച്ചയുമായി മുന്നോട്ടുപോകുന്നതിെല പ്രസക്തിയും യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. ഇരുപക്ഷത്തിനും യോജിക്കാവുന്ന പുതിയ സമവായ സാധ്യത കണ്ടെത്തി ചർച്ചയിൽ അവതരിപ്പിക്കാനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, അതെങ്ങനെ വേണമെന്ന കാര്യത്തിൽ ഇനിയും യു.ഡി.എഫിന് മുന്നിൽ വഴികളൊന്നും കാണുന്നുമില്ല. അടുത്ത ദിവസങ്ങളിൽ വീണ്ടും ഒന്നിച്ചിരിക്കാനാണ് യു.ഡി.എഫ് തീരുമാനം. ഉമ്മൻ ചാണ്ടി-രമേശ്-കുഞ്ഞാലിക്കുട്ടി എന്നിവരുടെ സാന്നിധ്യത്തിലും ചർച്ചയുണ്ടാകും. സി.എ.എം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.