പത്തനംതിട്ടയിൽ മാലിന്യശേഖരണത്തിന്​ പുതിയ ഏജൻസി

പത്തനംതിട്ട: നഗരസഭ പ്രദേശത്തെ മാലിന്യസംസ്കരണത്തിനു പുതിയ ഏജൻസിയെത്തി. ഇവർ തിങ്കളാഴ്ച മുതൽ പരീക്ഷണാടിസ്ഥാനത്തിൽ മാലിന്യം ശേഖരിച്ചു തുടങ്ങി. വിജയമെന്ന് കണ്ടാൽ സ്ഥിരമായി മാലിന്യശേഖരണം നടത്തും. മാലിന്യം പൂർണമായും നീക്കം ചെയ്യുന്നതിനു തയാറായാണ് പുതിയ ഏജൻസി എത്തിയിരിക്കുന്നത്. ഇതോടെ ഒരാഴ്ചയായി നിൽക്കുന്ന പ്രശ്നത്തിനു പരിഹാരമാകുമെന്ന് പ്രതീക്ഷയായി. നേരേത്ത മാലിന്യം തള്ളിയിരുന്ന സ്ഥലത്തിൻെറ ഉടമ അതിനു സമ്മതിക്കാതെ വന്നതാണ് പ്രശ്നം രൂക്ഷമാക്കിയത്. തുടർന്ന് പലതരത്തിലും ഇതു പരിഹരിക്കാൻ നഗരസഭ നോക്കിയെങ്കിലും കീറാമുട്ടിയായി തുടരുകയായിരുന്നു. ഇതിനിടെ മാലിന്യം ഏറ്റെടുത്ത് നഗരത്തിനു വെളിയിൽ കൊണ്ടുപോകാൻ ഏജൻസി വന്നെങ്കിലും ഇവരുടെ ഫീസ് കൂടുതലായതിനാൽ വ്യാപാരികൾ യോജിച്ചില്ല. തുടർന്നാണ് പുതിയ ഏജൻസി മാലിന്യശേഖരണത്തിനു തയാറായി എത്തിയത്. രണ്ടുമൂന്ന് ദിവസം ഇവർ പരീക്ഷണാടിസ്ഥാനത്തിൽ മാലിന്യം ശേഖരിക്കും. ഇതിനിടെ വ്യാപാരികളുമായും സന്നദ്ധ സംഘടനകളുമായും ചർച്ച നടത്തി മാലിന്യസംസ്കരണത്തിന് അന്തിമ രൂപം തയാറാക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നതെന്ന് ചെയർപേഴ്സൻ ഗീത സുരേഷ് പറഞ്ഞു. ഇവർ ശേഖരിക്കുന്ന മാലിന്യം നഗരത്തിനു പുറത്ത് അവരുടെ സംസ്കരണശാലയിൽ എത്തിച്ച് സംസ്കരിക്കും. മാലിന്യം തള്ളലിൽ വൻതോതിൽ കുറവ് പത്തനംതിട്ട: നഗരസഭ മാലിന്യശേഖരണം നിർത്തിയതോടെ വ്യാപാരികൾ മിക്കവരും സ്വന്തം നിലയിൽ മാലിന്യസംസ്കരണത്തിന് മാർഗങ്ങൾ കണ്ടെത്തി തുടങ്ങി. ഇതുമൂലം നഗരത്തിൽ മാലിന്യം തള്ളലിൽ വൻതോതിൽ കുറവുണ്ടായി. തിങ്കളാഴ്ച പുതിയ ഏജൻസി മാലിന്യശേഖരണത്തിന് എത്തിയെങ്കിലും ഇവർക്ക് ലഭിച്ചത് നാമമാത്രം മാലിന്യം. നഗരത്തിൽ മാലിന്യം കൂടുതൽ പുറന്തള്ളുന്ന വ്യാപാരികൾ അവ പന്നിഫാമുകളിലേക്കും മറ്റും എത്തിക്കാൻ സ്വന്തം നിലയിൽ മാർഗങ്ങൾ അവലംബിച്ചതോടെയാണ് മാലിന്യം തള്ളൽ കുറഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.