ഒടുവിൽ അന്നമ്മക്ക്​ അന്ത്യവിശ്രമത്തിന്​ വഴിയൊരുങ്ങുന്നു; സംസ്​കാരം ഇന്ന്​

(ചിത്രം) ശാസ്താംകോട്ട: കൃത്യം ഒരു മാസം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കുന്നത്തൂർ തുരുത്തിക്കര കാളിശ്ശേരിൽ പത്ര ോസിൻെറ ഭാര്യ അന്നമ്മക്ക് (75) അന്ത്യവിശ്രമത്തിന് വഴിയൊരുങ്ങുന്നു. വ്യാഴാഴ്ച കൊല്ലാറയിലെ യരുശലേം മാർത്തോമ പള്ളി ശ്മശാനത്തിൽ അന്നമ്മയുടെ മൃതദേഹം സംസ്കരിക്കും. ഇതുസംബന്ധിച്ച അറിയിപ്പും ഉത്തരവും ജില്ല ഭരണകൂടം ബന്ധുക്കൾക്ക് കൈമാറി. അന്നമ്മയുടെ മൃതദേഹം ബുധനാഴ്ച സന്ധ്യയോടെ തുരുത്തിക്കരയിലെ വീട്ടിൽ കൊണ്ടുവന്നു. ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപെട്ട അന്നമ്മയുടെ മൃതദേഹമാണ് ഒരു സമരരൂപം എന്നനിലയിൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ കഴിഞ്ഞമാസം 14 മുതൽ സൂക്ഷിച്ചിരിക്കുന്നത്. മാർത്തോമസഭാ വിശ്വാസിയായ ഇവരുടെ സംസ്കാരത്തിനായി തുരുത്തിക്കരയിലെ ഇമ്മാനുവേൽ പള്ളി ഇടവക ഭരണസമിതി അനുവാദം നൽകിയിരുന്നില്ല. ചേലൂർ കുടിവെള്ള സംരക്ഷണസമിതിയുടെ പരാതിയിൽ 2014 നവംബറിൽ കലക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചതിനാൽ യരുശലേം മാർത്തോമ പള്ളി വിശ്വാസികൾക്കുള്ള കൊല്ലാറയിലെ ശ്മശാനത്തിലും സംസ്കരിക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്. തുടർന്ന് അന്നമ്മയുടെ ബന്ധുക്കൾ ഹൈകോടതിയെ സമീപിക്കുകയും ഉചിതമായ തീരുമാനം കൈക്കൊള്ളാൻ കോടതി ജില്ല കലക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. കലക്ടർ നിർദേശിച്ച പ്രകാരം ഇവിടത്തെ പഴയൊരു കല്ലറ ജില്ല മെഡിക്കൽ ഓഫിസർ പൊളിച്ച് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചു. ചേലൂർ കുടിവെള്ള പദ്ധതി മലിനപ്പെടാൻ കൊല്ലാറയിലെ ശവസംസ്കാരം ഹേതുവാകില്ലെന്ന ശാസ്ത്രീയ പഠന റിപ്പോർട്ടും കലക്ടർ വാങ്ങി. ഈ നടപടികൾക്കൊടുവിൽ പൊതുമരാമത്ത് എൻജിനീയർമാരുടെ സാന്നിധ്യത്തിൽ ബന്ധുക്കൾ പൊലീസ് സംരക്ഷണയിൽ കോൺക്രീറ്റ് കല്ലറ നിർമിച്ചു. ഈ കല്ലറ പൂർണമായും ഉറച്ചെന്ന സാക്ഷ്യപത്രം എൻജിനീയർമാരിൽനിന്ന് ലഭിച്ച പശ്ചാത്തലത്തിലാണ് വ്യാഴാഴ്ച സംസ്കാരം നടത്താൻ കലക്ടർ അനുമതി നൽകിയത്. നിർമാണഘട്ടം മുതൽ ഇതുവരെയും പള്ളി വികാരി ഫാ. ജോൺ പി.ചാക്കോയുടെ നേതൃത്വത്തിൽ ഇവിടെ സഭാവിശ്വാസികൾ രാത്രിയും പകലും കാവൽ കിടക്കുകയായിരുന്നു. സ്ഥലത്ത് പൊലീസ് ബന്തവസ് ഏർപ്പെടുത്തിയിരിക്കുകയാണ്. കൊല്ലാറ സെമിത്തേരിക്ക് സമീപത്തായി കുടിവെള്ള സംരക്ഷണസമിതിയുടെ പേരിൽ സംഘ്പരിവാർ പ്രവർത്തകർ സത്യഗ്രഹം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.