കാലവര്‍ഷക്കെടുതി നേരിടാൻ കൺട്രോൾ റൂം

ചങ്ങനാശ്ശേരി: താലൂക്കില്‍ കാലവര്‍ഷക്കെടുതി നേരിടുന്നതിനു സി.എഫ്. തോമസ് എം.എല്‍.എയുടെ നേതൃത്വത്തില്‍ വിവിധ വക ുപ്പുകളുടെ യോഗം വിളിച്ചു. ചങ്ങനാശ്ശേരി താലൂക്ക് ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. മഴക്കാലകെടുതികള്‍ നേരിടുന്നവര്‍ 0481-2420037 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. കലക്ടറുടെയും സബ്കലക്ടറുടെയും നേതൃത്വത്തില്‍ നേരേത്ത യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിൻെറ തുടര്‍ച്ചയായിട്ടാണ് താലൂക്കില്‍ മുന്നൊരുക്കത്തിനായി എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന യോഗം വിവിധ വകുപ്പുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ രണ്ടു ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറന്‍ മേഖലയായ കോമങ്കേരിച്ചിറ, പറാല്‍ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളുടെ മുറ്റത്ത് വെള്ളം കയറിയിരുന്നു. ഇതേതുടര്‍ന്ന് വെള്ളപ്പൊക്കത്തിന് ഇടയാക്കുന്ന നഗരത്തിലെ ആവണിതോട് അടിയന്തരമായി വൃത്തിയാക്കി ഒഴുക്ക് സുഗമമാക്കാന്‍ യോഗം നഗരസഭക്കും ഇറിഗേഷന്‍ വകുപ്പിനും നിര്‍ദേശം നല്‍കി. മാലിന്യം നീക്കി നഗരത്തിലെ പ്രധാന ഓടകളിലെ ഒഴുക്ക് സുഗമമാക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. കെ.എസ്.ഇ.ബി ലൈനുകളിലേക്ക് വീഴാറായ വൃക്ഷശിഖരങ്ങള്‍ വെട്ടിമാറ്റി സുരക്ഷ ഒരുക്കണം. മഴക്കാലത്ത് വൈദ്യുതി ബന്ധം തകരാറിലായാല്‍ വേഗത്തില്‍ പരിഹരിക്കുന്നതിനു നടപടി വേണമെന്ന് കെ.എസ്.ഇ.ബിക്കും മഴക്കാലത്ത് സാംക്രമിക രോഗങ്ങള്‍ പകരാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പിനും നിര്‍ദേശം നൽകി. റോഡ് സുരക്ഷക്ക് പൊലീസിനൊപ്പം മോട്ടോര്‍ വാഹനവകുപ്പും പ്രവര്‍ത്തിക്കും. അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ എല്ലാ വകുപ്പും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സി.എഫ്. തോമസ് എം.എല്‍.എ നിര്‍ദേശം നല്‍കി. തഹസില്‍ദാര്‍ പി. ഷിബു ഒരുക്കം വിശദീകരിച്ചു. കെ.എസ്.ഇ.ബി, പി.ഡബ്യു.ഡി, ഫയര്‍ഫോഴ്‌സ്, പൊലീസ് തുടങ്ങി വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.