ജില്ലയിൽ അനധികൃത മത്സ്യബന്ധനത്തിന്​ തടയിടാൻ പ്രത്യേക നിരീക്ഷണം

തൊടുപുഴ: ജില്ലയിലെ വിവിധ ഭാഗങ്ങളിലെ പുഴകൾ, റിസർവോയറുകൾ തുടങ്ങിയവയിലെ അനധികൃത മത്സ്യബന്ധനം തടയുന്നതിന് പ്ര ത്യേക പരിശോധനയുമായി ഫിഷറീസ് വകുപ്പ്. ഇത് സംബന്ധിച്ച് ജില്ല ഓഫിസർ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. പൂർണവളർച്ചയെത്താത്തവയെയാണ് പിടിച്ചെടുക്കുന്നത്. തോട്ട, വൈദ്യുതി, വിഷപദാർഥങ്ങൾ എന്നിവ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത്, ഇതുമായി ബന്ധപ്പെട്ട വിഷപദാർഥങ്ങൾ, ഉപകരണങ്ങൾ എന്നിവ നിർമിക്കുന്നത്, വിൽക്കുന്നത് എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ട്. നിരോധിത മാര്‍ഗങ്ങള്‍ ഉപയോഗിച്ച്‌ മത്സ്യബന്ധനം നടത്തുന്നതുമൂലം മത്സ്യസമ്പത്ത് ഗണ്യമായി കുറയുകയും നിരവധി മത്സ്യങ്ങള്‍ വംശനാശ ഭീഷണി നേരിടുകയും ചെയ്യുന്ന സാഹചര്യവും നിലനിൽക്കുന്നതായാണ് ഫിഷറീസ് വകുപ്പിൻെറ കണ്ടെത്തൽ. പുഴകളിലും റിസർവോയറുകളിലും മാത്രമല്ല ജില്ലയിലെ ചെറുതോടുകളിലും മറ്റ് ജലാശയങ്ങളിലും അനധികൃത മത്സ്യബന്ധനം നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നിരോധിതവല ഉപയോഗിച്ചും വൈദ്യുതി പ്രവഹിപ്പിച്ചും നഞ്ചുകലക്കിയും രാസവസ്തുക്കള്‍ ഉപയോഗിച്ചുമുള്ള രീതികളിലാണ് കൂടുതലായും മത്സ്യങ്ങളെ പിടിക്കുന്നത്. വൈദ്യുതി പ്രവഹിപ്പിച്ചുള്ള മത്സ്യബന്ധനം അപകടകരമാണ്. അതുപോലെ നഞ്ചുകലക്കിയും രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനവും ജലജന്യസാംക്രമികരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരത്തിലുള്ള അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽപെട്ടാൽ ഇവർക്കെതിരെ ഉൾനാടൻ മത്സ്യബന്ധന നിയമലംഘനം അടിസ്ഥാനമാക്കി നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഉൾനാടൻ മത്സ്യത്തൊഴിലാളികളല്ലാത്തവർ ലൈസൻസ്, രജിസ്ട്രേഷൻ ഇല്ലാതെ മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിച്ച് മത്സ്യബന്ധനങ്ങളിൽ ഏർപ്പടുന്ന മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർ സമയബന്ധിതമായി ഫിഷറീസ് ജില്ല ഓഫിസ് കുമളിയുമായി ബന്ധപ്പെട്ട് ലൈസൻസ് നടപടി പൂർത്തീകരിക്കണമെന്നും കൂടാതെ ഉൾനാടൻ പട്രോളിങ് സമയത്ത് നിയമവിധേയമല്ലാത്ത മത്സ്യബന്ധന ഉപകരണങ്ങൾ, വല എന്നിവ കണ്ടുകെട്ടുന്നതിനും പിഴയീടാക്കുന്നതിനും കർശന നടപടിക്ക് വിധേയമാക്കുമെന്നും ജില്ല ഫിഷറീസ് ഓഫിസർ പി. ശ്രീകുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.