കഞ്ഞിക്കുഴി റെയിൽവേ മേൽപാലം നിർമാണത്തിന്​​ വേഗമേറി; ഇരുമ്പുഗർഡറുകൾ എത്തിക്കും

കോട്ടയം: കെ.കെ റോഡിൽ കഞ്ഞിക്കുഴി റെയിൽവേ മേൽപാലം നിർമാണത്തിന് വേഗമേറി. പൂര്‍ത്തിയായ തൂണുകള്‍ക്ക് മുകളില്‍ ഇരു മ്പുഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലികൾ അടുത്തയാഴ്ച ആരംഭിക്കാനാണ് ആലോചന. ഈ റോഡിൽ നിർമാണം പൂർത്തിയാക്കിയ ഗർഡറുകൾ പരിശോധനകൾ പൂർത്തിയാക്കിയാലുടൻ കോട്ടയത്തെത്തിക്കും. റെയില്‍വേ മേൽപാലം സെപ്റ്റംബറില്‍ തുറക്കാൻ കഴിയുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. പാലം പൂര്‍ത്തിയായാലുടന്‍ റബര്‍ ബോര്‍ഡ് പാലം നിര്‍മാണം ആരംഭിക്കും. അതിന് മുന്നോടിയായി പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കാൻ ആവശ്യമായ നിർമാണവും നടത്തുന്നുണ്ട്. ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ഇരുമ്പുഗര്‍ഡുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ നടത്തും. പുതിയ പാലത്തിന് 14 മീറ്റർ വീതിയും 50 മീറ്റർ നീളവുമുണ്ടാകും. കുമാരനല്ലൂർ മേൽപാലത്തിൻെറ മാതൃകയിൽ ഉരുക്ക് കോംപസിറ്റ് ഗർഡറുകൾകൊണ്ടാണ് പാലം നിർമിക്കുക. ഗർഡറുകൾക്ക് മുകളിൽ കോൺക്രീറ്റ് ചെയ്ത് അതിനുമുകളിൽ ടാറിട്ട് റോഡ് നിർമിക്കും. പുതിയ പാലത്തിൻെറ ഇരുവശങ്ങളിലും രണ്ടുമീറ്റർ വീതിയിൽ നടപ്പാത ഉണ്ടാകും. പാതയിരട്ടിപ്പിക്കലിൻെറ ഭാഗമായി സ്ഥലം ഒരുക്കലും തകൃതിയായി നടക്കുന്നുണ്ട്. രണ്ട് തുരങ്കങ്ങളുടെ പാറ നിറഞ്ഞ കുന്നുകൾ ഇടിച്ചുനിരത്തുന്ന ജോലിയാണ് നടക്കുന്നത്. പൊട്ടിച്ചുനീക്കുന്ന പാറ രണ്ടാംപാതയുടെ സംരക്ഷണഭിത്തി നിർമാണത്തിനാണ് ഉപയോഗിക്കുന്നത്. ഏറ്റുമാനൂർ-ചിങ്ങവനം (19 കിലോമീറ്റർ) പാതയിലെ സ്ഥലം ഏറ്റെടുപ്പ് ഇഴഞ്ഞുനീങ്ങുകയാണ്. മുട്ടമ്പലം, അതിരമ്പുഴ വില്ലേജുകളിൽപെട്ട സ്ഥലമേറ്റെടുപ്പാണ് അനിശ്ചിത്വത്തിലായത്. വില നിർണയവുമായി ബന്ധപ്പെട്ട് കലക്ടറുടെ സ്ഥലം ഏറ്റെടുക്കലിൽ തീരുമാനമാകാതെ വന്നതോടെ റെയിൽവേ നേരിട്ടാവും സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കുന്നത്. അടുത്തിടെ നടന്ന വിൽപനയുടെ 10 ആധാരങ്ങൾ അടിസ്ഥാനമാക്കി സ്ഥലവില നിശ്ചയിച്ച് മാർക്കറ്റ് വില കെണ്ടത്തിയാവും നൽകുക. എന്നാൽ, പുതിയ നടപടിക്രമം നടപ്പാക്കുന്നത് കൂടുതൽ കാലതാമസത്തിന് ഇടയാക്കുമെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. കഞ്ഞിക്കുഴി പാലത്തിന് 62 വർഷം പഴക്കം കെ.കെ റോഡിനെ കോട്ടയം നഗരവുമായി ബന്ധിപ്പിക്കുന്ന റെയിൽവേ മേൽപാലമാണിത്. അടിയിലെ തുരങ്കത്തിലൂടെയാണ് ട്രെയിൻ കടന്നുപോകുന്നത്. തുരങ്കത്തിന് ഏഴര മീറ്റർ വീതിയും 20 മീറ്റർ നീളവുമുണ്ട്. 1957 ഒക്ടോബർ 20നാണ് കെ.കെ റോഡിൽ 54 അടി താഴ്ചയിൽ തുരങ്കം നിർമിച്ചത്. കുന്ന് വെട്ടിത്താഴ്ത്തി പാറ പൊട്ടിച്ചു റെയിൽപാളം സ്ഥാപിക്കുകയും ഇതിനുമുകളിൽ കോൺക്രീറ്റ് തുരങ്കം നിർമിച്ച ശേഷം ചുറ്റുപാടും മണ്ണിട്ടു നിറക്കുകയായിരുന്നു. കട്ട് ആൻഡ് ഫിൽ രീതി എന്നാണ് ഇതിനു പേര്. മുകളിൽ പാലവും സ്ഥാപിച്ചു. പാലം പൊളിച്ചാലും ഈ തുരങ്കം അതേപടി നിലനിർത്താനാണ് തീരുമാനം. ട്രെയിനുകളുടെ ഷണ്ടിങ്ങിനായി ഇത് ഉപയോഗിക്കും. അതോടെ ഈ ഭാഗത്തു മൂന്നു റെയിൽപാളങ്ങളുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.