തീവ്രവാദ ആക്രമണത്തിന് പദ്ധതിയിട്ട 13 പേർ സൗദിയിൽ അറസ്​റ്റിൽ

jed 1 റിയാദ്: സൗദി അറേബ്യയയിൽ തീവ്രവാദ ആക്രമണത്തിന് പദ്ധതിയിട്ട 13 പേരെ സുരക്ഷാസേന പിടികൂടിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പിടിക്കപ്പെട്ടവരുടെ പേരും മറ്റു വിവരങ്ങളും എസ്.പി.എ പുറത്തുവിട്ടു. മധ്യപ്രവിശ്യയിലെ സുൽഫി പട്ടണത്തിൽ കഴിഞ്ഞ ദിവസം തീവ്രവാദികളുടെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തെ തുടർന്ന് നടത്തിയ ശക്‌തമായ തെരച്ചിലിലാണ് ഇവരെ പിടികൂടിയതെന്ന് സൗദി പ്രസിഡൻസി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി വക്താവ് അറിയിച്ചു. സുൽഫിയിൽ ഇവർ തങ്ങിയ വീട്ടിൽ നിന്ന് നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി. ഞായറാഴ്ച ആഭ്യന്തര മന്ത്രാലയത്തിൻെറ സുൽഫി ബ്രാഞ്ചിലെ അന്വേഷണ വിഭാഗം ഓഫീസിന് നേരേ ഭീകരാക്രമണം നടത്താനുള്ള ശ്രമത്തിനിടെ ഏറ്റുമുട്ടലിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ഇവരും ഇപ്പോൾ പിടിയിലായ 13 പേരും ദായിഷ് ഭീകരവാദികളുമായി (െഎ.എസ്) ബന്ധമുള്ളവരാണെന്നും അധികൃതർ അറിയിച്ചു. രാജ്യത്തിൻെറ സുരക്ഷക്ക് ഭീഷണിയുയർത്തുന്ന എല്ലാ ശക്തികളെയും അടിച്ചമർത്തും എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുൽഫി മേഖലയിലെ അൽറയ്യാൻ എന്ന സ്ഥലത്തുള്ള ഒരു വീട്ടിൽ നിന്നാണ് പ്രതികളെയും സ്ഫോടക വസ്തുക്കളും പിടികൂടിയത്. സ്ഫോടകവസ്തുക്കൾ നിർമിക്കുന്ന ഒരു ഫാക്ടറിയെ പോലെയാണ് ഇൗ വീട് പ്രവർത്തിച്ചിരുന്നത്. സ്ഫോടക വസ്തുക്കളുടെയും ആയുധങ്ങളുടെയും വൻശേഖരമാണ് കണ്ടെടുത്തത്. കൂട്ടത്തിൽ നിരവധി എ.ടി.എം കാർഡുകളും രണ്ട് സ്വദേശി തിരിച്ചറിയൽ കാർഡുകളും ഭീകരവാദ സംഘടനകളുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളും സി.ഡികളും പിടികൂടി. രാജ്യത്തിൻെറ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയുയർത്തി അവശേഷിക്കുന്ന എല്ലാ ഭീകരവാദ അംശങ്ങളെയും കണ്ടെത്തി ഇല്ലായ്മ ചെയ്യാൻ ശക്തമായ നടപടി തുടരുമെന്ന് പ്രസിഡൻസി ഒാഫ് സ്റ്റേറ്റ് സെക്യൂരിറ്റി വൃത്തങ്ങൾ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.