തെരഞ്ഞെടുപ്പ്​: ചില ചാനലുകൾ പ്രചരിപ്പിക്കുന്നത്​ വസ്​തുതാവിരുദ്ധത -എൽ.ഡി.എഫ്​

കോട്ടയം: തെരഞ്ഞെടുപ്പിൽ ചില ചാനലുകൾ പ്രചരിപ്പിക്കുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ. യഥാർഥവസ്തുതയോട് നീതിപുലർത്താത്ത വാർത്തകളാണ് പുറത്തുവരുന്നത്. കോട്ടയം ലോക്സഭ മണ്ഡലത്തിൽ ഇടതു മുന്നണിക്ക് അനുകൂല സാഹചര്യമാണുള്ളത്. എം.പിയായിരുന്നയാൾ നാലുവർഷം കഴിഞ്ഞപ്പോൾ മണ്ഡലത്തോട് നീതിപുലർത്താതെ സൗഭാഗ്യം തേടിപ്പോയി ജില്ലയുടെ വികസനം നഷ്ടപ്പെടുത്തി. ഇതിൻെറ പ്രതിഫലനം തെരഞ്ഞെടുപ്പിലുണ്ടാകും. പ്രധാന എതിരാളി യു.ഡി.എഫ് സ്ഥാനാർഥി ചുരുക്കം ചില സ്ഥലങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. എൻ.ഡി.എ സ്ഥാനാർഥിയുടെ സാന്നിധ്യവും കുറവായിരുന്നു. മുഴുവൻ വീടുകൾ കയറിയിറങ്ങി വോട്ടുതേടിയ സംഘടനാതല പ്രവർത്തനവും തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ മണ്ഡലത്തിൻെറ മുക്കിലും മൂലയിലും പ്രചാരണവുമായി നിറഞ്ഞുനിന്ന എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ. വാസവൻ നടത്തിയ പ്രവർത്തനം കാണാതെ പോകരുത്. യു.ഡി.എഫിൽ മറ്റ് കക്ഷികളുടെ എതിർപ്പും ഭിന്നതയും നിലനിൽക്കുന്നുണ്ട്. ഇതെല്ലാം എൽ.ഡി.എഫിന് അനുകൂലഘടകമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ, ജില്ല സെക്രേട്ടറിയറ്റ് അംഗം ടി.ആർ. രഘുനാഥൻ, ജില്ല കമ്മിറ്റി അംഗം അഡ്വ. െറജി സഖറിയ, സി.പി.ഐ ജില്ല സെക്രട്ടറി സി.കെ. ശശിധരൻ, ഘടകക്ഷിനേതാക്കളായ പി.കെ. ആനന്ദക്കുട്ടൻ, സണ്ണി തോമസ്, സാബു മുരിക്കവേലി, സജി നൈനാൻ, അയർക്കുന്നം രാമൻ നായർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.