രാഹുലിന്​ കലക്​ടറുടെ വിലക്ക്​, പിന്നീട്​ ഉപാധികളോടെ അനുമതി

പത്തനാപുരം: ഒരു പകല്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിൽ ആശങ്ക നീങ്ങി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പത്തനാപുരത്ത് പറന്നിറങ്ങും. രാഹുലിൻെറ സന്ദര്‍ശനത്തിന് കലക്ടര്‍ ആദ്യം ഏര്‍പ്പെടുത്തിയ വിലക്ക് പിന്നീട് ഉപാധികളോടെ നീക്കി. യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നില്‍ സുരേഷിൻെറ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം 16ന് പത്തനാപുരത്ത് രാഹുല്‍ എത്തുമെന്നായിരുന്നു അറിയിപ്പ്. പൊതുസമ്മേളനം നടക്കുന്ന ഗ്രൗണ്ടിനോട് ചേര്‍ന്ന സ്കൂള്‍ പോളിങ് സ്റ്റേഷനാണെന്നും പോളിങ് സാമഗ്രികളുടെ വിതരണം നടക്കേണ്ടതുണ്ടെന്നും കാട്ടിയാണ് വരണാധികാരി കൂടിയായ കലക്ടര്‍ അനുമതി നിഷേധിച്ചത്. എന്നാല്‍, പോളിങ് സ്‌റ്റേഷനും അനുബന്ധ കെട്ടിടങ്ങള്‍ക്കും കൂടുതല്‍ സുരക്ഷ ഒരുക്കണമെന്നും കൂടുതല്‍ നിയമപാലകരെ വിന്യസിക്കണമെന്നുമുള്ള ഉപാധികളോടെ പിന്നീട് അനുമതി നൽകുകയായിരുന്നു. ആര്‍.ഡി.ഒ വിവരം ധരിപ്പിച്ചശേഷമാണ് കലക്ടറുടെ അനുമതി എത്തിയത്. മാലൂര്‍ സൻെറ് സ്റ്റീഫന്‍സ് കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്ടറിലെത്തുന്ന രാഹുല്‍ പത്തനാപുരം സൻെറ് സ്റ്റീഫന്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കുന്ന പ്രത്യേക വേദിയില്‍ സംസാരിക്കും. സുരക്ഷാ ചുമതലയുള്ള കൊല്ലം എസ്.പിയുടെ സംഘവും രഹസ്യാന്വേഷണവിഭാഗം എസ്.പി.ജിയും ഇരുസ്ഥലവും സന്ദര്‍ശിച്ച് റിപ്പോർട്ട് നല്‍കി കഴിഞ്ഞു. ഈ റിപ്പോട്ടുകളില്‍ സുരക്ഷാ പ്രശ്നങ്ങളില്ല എന്ന സൂചനയാണുള്ളത്. രാഹുല്‍ ഗാന്ധിയുടെ വരവോടെ യു.ഡി.എഫിനുണ്ടായേക്കാവുന്ന മുന്‍തൂക്കം മുന്നില്‍ കണ്ട് എല്‍.ഡി.എഫ്, എന്‍.ഡി.എ മുന്നണികളും ദേശീയ-സംസ്ഥാന നേതാക്കളെ പത്തനാപുരത്തെത്തിക്കാന്‍ നീക്കം തുടങ്ങി. ഇതിൻെറ ഭാഗമായാണ് കഴിഞ്ഞ ദിവസം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനെ എല്‍.ഡി.എഫ് വനിതാ പാര്‍ലമൻെറിന് എത്തിച്ചത്. കൂടുതല്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ പത്തനാപുരത്തെത്തുമെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.