പള്ളിത്തർക്കം: പ്രത്യക്ഷ സമരത്തിന്​ യാക്കോബായ സഭ; 25ന്​ കോട്ടയത്ത്​ ഉപവാസം

കോട്ടയം: പള്ളിത്തർക്കത്തിൽ പ്രത്യക്ഷ സമരപരിപാടികളുമായി യാക്കോബായ സഭ. തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ കോട്ടയം തിരുനക്കര പഴയ പൊലീസ് സ്‌റ്റേഷൻ മൈതാനത്ത് മെത്രാപ്പോലീത്തമാരും വൈദികരും വിശ്വാസികളും ഉപവാസ സമരം നടത്തും. സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനിച്ച് യാക്കോബായ വിശ്വാസികളുടെ പള്ളികൾ ഓർത്തഡോക്‌സ് വിഭാഗം പിടിച്ചടക്കുകയാണെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത ആരോപിച്ചു. സർക്കാർ നടത്തുന്ന ചർച്ചകളിൽനിന്ന് പിന്മാറി യാക്കോബായ സഭയുടെ പള്ളികളുടെ അധികാരം ഏറ്റെടുക്കാനുള്ള നടപടി അംഗീകരിക്കാനാവില്ല. സുപ്രീംകോടതിയും പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ നടത്തുന്ന ചർച്ചക്ക് സഭ പൂർണ പിന്തുണ നൽകും. കോടതി വിധിയുണ്ടായിട്ടും കോലഞ്ചേരി, വരിക്കോലി പള്ളികളിൽ സംസ്‌കാര ശുശ്രൂഷകൾ തടഞ്ഞത് നീതീകരിക്കാനാവില്ല. കട്ടച്ചിറ പള്ളിയിൽ അതിക്രമിച്ചുകയറിയവർ വിശുദ്ധരുടെ ഫോട്ടോകളും ഉപകരണങ്ങളും നശിപ്പിച്ച സംഭവം വരെയുണ്ടായി. ഇവർക്ക് പൊലീസ് പിന്തുണ ലഭിച്ചതായി സംശയിക്കുന്നു. ആക്രമികൾക്കെതിരെ നടപടി സ്വീകരിക്കാത്തതെന്തെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.