തെരഞ്ഞെടുപ്പ്​: കളര്‍ ബാലറ്റ് പെട്ടി മുതല്‍ വിവിപാറ്റ് വരെ

ഈരാറ്റുപേട്ട: തെരഞ്ഞെടുപ്പുകളുടെ ചരിത്രം ബാലറ്റ് പെട്ടിയുടെ ചരിത്രം കൂടിയാണ്. ചിഹ്നങ്ങൾ വരുന്നതിനു മുമ്പുള് ള തെരഞ്ഞെടുപ്പുകളിൽ ഓരോ പാർട്ടിക്കും ഓരോ നിറത്തിലുള്ള പെട്ടികളാണ് അനുവദിച്ചിരുന്നത്. മഞ്ഞ, ചുവപ്പ്, പച്ച എന്നിങ്ങനെ പല വർണത്തിലുള്ള പെട്ടികൾ പോളിങ് ബൂത്തിൽ നിരത്തിവെക്കും. ഏതു പാർട്ടിയുടെ സ്ഥാനാര്‍ഥിക്കാണോ വോട്ടു ചെയ്യുന്നത് ആ പാർട്ടിയുടെ നിറമുള്ള പെട്ടിയിൽ വോട്ടിടണം. 1952ലെ തെരഞ്ഞെടുപ്പു മുതലാണ് ചിഹ്നം അനുവദിച്ചു തുടങ്ങിയത്. അതോടെ വർണപ്പെട്ടികൾ കളമൊഴിഞ്ഞു. പകരം ചിഹ്നം പതിച്ച പെട്ടികൾ സ്ഥാനം പിടിച്ചു. കോണ്‍ഗ്രസിനു നുകംെവച്ച കാള, കമ്യൂണിസ്റ്റിന് അരിവാൾ നെല്‍ക്കതിർ, പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് കുടം എന്നിങ്ങനെയായിരുന്നു അന്നത്തെ ചിഹ്നങ്ങൾ. 1958ലെ ദേവികുളം ഉപെതരഞ്ഞെടുപ്പിലാണ് സ്ഥാനാർഥിയുടെ പേരും ചിഹ്നവുമുള്ള ബാലറ്റ് പേപ്പർ ആദ്യമായി രംഗത്തെത്തിയത്. ഇഷ്ടമുള്ള സ്ഥാനാർഥിക്ക് വോട്ടുചെയ്ത ശേഷം ബാലറ്റുകൾ ഒരു പെട്ടിയിൽ ഇടുന്ന രീതി വന്നതും അന്നു മുതലാണ്. ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളുടെ കടന്നുവരവോടെയാണ് ബാലറ്റ് പേപ്പറുകളും പെട്ടികളും ഗോദവിട്ടത്. 1982ൽ എറണാകുളം ജില്ലയിൽ പറവൂർ അസംബ്ലി തെരഞ്ഞെടുപ്പിലാണ് ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടുയന്ത്രം ഉപയോഗിച്ചത്. അത് സുപ്രീംകോടതി വരെ എത്തിയെന്നത് മറ്റൊരു കാര്യം. കോണ്‍ഗ്രസിലെ എ.സി. ജോസും സി.പി.ഐയിലെ ശിവന്‍പിള്ളയും തമ്മിലായിരുന്നു മത്സരം. ഫലം വന്നപ്പോള്‍ എ.സി. ജോസ് തോറ്റു. വോട്ടുയന്ത്രത്തി​െൻറ വിശ്വാസ്യത ചോദ്യംചെയ്ത് ജോസ് ഹൈകോടതിെയയും പിന്നീട് സുപ്രീംകോടതിെയയും സമീപിച്ചു. ഒടുവിൽ വോട്ടുയന്ത്രം ഉപയോഗിച്ച 56 ബൂത്തുകളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ സുപ്രീംകോടതി വിധിക്കുകയും ബാലറ്റ് പേപ്പർ ഉപയോഗിച്ചു തെരഞ്ഞെടുപ്പു നടത്തുകയും ചെയ്തു. ഇത്തവണ ജയിച്ചത് എ.സി. ജോസ് പിന്നീട് കുറേക്കാലത്തേക്ക് വോട്ടുയന്ത്രങ്ങള്‍ ഉപയോഗിച്ചില്ല. 1998ൽ ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വോട്ടുയന്ത്രം വീണ്ടും രംഗത്തെത്തി. പിന്നീട് വോട്ടുയന്ത്രമായി തരംഗം. 2013ല്‍ വോട്ടുയന്ത്രത്തില്‍ 'നോട്ട'യും സ്ഥാനം പിടിച്ചു. ഒരു സ്ഥാനാര്‍ഥിക്കും വോട്ടു ചെയ്യാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് നോട്ടക്ക് വോട്ടു ചെയ്യാം. സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് നോട്ട വോട്ടുയന്ത്രത്തില്‍ കയറിപ്പറ്റിയത്. വോട്ടുയന്ത്രത്തി​െൻറ വിശ്വാസ്യത പലകുറി ചോദ്യംചെയ്യപ്പെട്ടതോടെ വിവിപാറ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന 'വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ' യൂനിറ്റ് ഘടിപ്പിച്ച വോട്ടുയന്ത്രങ്ങൾ അരങ്ങിലെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.